ന്യൂഡൽഹി: തിമോർ ലെസ്‌തെയുടെ പരമോന്നത സിവിലിയൻ ബഹുമതി നേടിയ രാഷ്‌ട്രപതി മുർമുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിമോർ ലെസ്‌തെ സർക്കാർ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് തിമോർ-ലെസ്‌തെ നൽകി ആദരിച്ചത് രാജ്യത്തെ ജനങ്ങൾക്ക് അഭിമാനകരമായ മുഹൂർത്തമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധവും പരസ്പര ബഹുമാനവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“തിമോർ ലെസ്‌തെയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്‌തെ നൽകി ആദരിച്ചത് ഞങ്ങൾക്ക് അഭിമാനകരമായ നിമിഷമാണ്. ഇത് നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തെയും പരസ്പര ബഹുമാനത്തെയും പ്രതിഫലിപ്പിക്കുന്നു. നിരവധി വർഷങ്ങളായി പൊതുജീവിതത്തിൽ അവർ നൽകിയ മഹത്തായ സംഭാവനകൾക്ക് ഇത് ഒരു അംഗീകാരമാണ് ,” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ശനിയാഴ്ചയാണ് തിമോർ ലെസ്‌തെ സർക്കാർ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് തിമോർ-ലെസ്‌തെ നൽകി ആദരിച്ചത്. പൊതുസേവനം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിലെ മുർമുവിന്റെ നേട്ടങ്ങൾ പരിഗണിച്ചാണ് അവാർഡ്. ഇന്ത്യയും തിമോർ ലെസ്‌തെയും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതിഫലനമാണ് ഈ ബഹുമതിയെന്ന് അവാർഡ് ഏറ്റുവാങ്ങിയ ശേഷം മുർമു പ്രതികരിച്ചു.
ഫിജി, ന്യൂസിലൻഡ് സന്ദർശനങ്ങൾ അവസാനിപ്പിച്ച് ശനിയാഴ്ച തിമോർ ലെസ്‌തെയിലെത്തിയ രാഷ്‌ട്രപതി മുർമുവിനെ ഊഷ്മളമായ സ്വീകരണം നൽകിയാണ് പ്രസിഡൻ്റ് ജോസ് റാമോസ്-ഹോർട്ട സ്വീകരിച്ചത്. ഇരുനേതാക്കളും പിന്നീട് ദിലിയിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.















