ന്യൂഡൽഹി: ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷവേട്ടയെ അപലപിച്ച് ബോളിവുഡ് താരം പ്രീതി സിന്റ. ആക്രമണങ്ങൾക്ക് തടയിടാൻ പുതിയ സർക്കാരിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി താരം പറഞ്ഞു. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് പ്രീതി സിന്റ, ബംഗ്ലാദേശ് കലാപത്തെ അപലപിച്ചത്.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഹൃദയം തകർക്കുന്നതാണ്. ജനങ്ങൾ കൊല്ലപ്പെടുന്നു, കുടുംബങ്ങൾ കുടിയിറക്കപ്പെടുന്നു, സ്ത്രീകൾ
ആക്രമിക്കപ്പെടുന്നു, ആരാധനാലയങ്ങൾ തകർത്ത് തീയിടുന്നു.. അക്രമം തടയുന്നതിനും ജനങ്ങളെ സംരക്ഷിക്കുന്നതിനും പുതിയ സർക്കാർ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശിൽ പ്രയാസങ്ങൾ നേരിടുന്നവരോടൊപ്പമാണ് തന്റെ ചിന്തകളും പ്രാർത്ഥനകളുമെന്നും പ്രീതി സിന്റ എക്സിൽ കുറിച്ചു.
Devastated & heartbroken to hear of the violence in Bangladesh against their minority population. People killed, families displaced, women violated & places of worship being vandalized & burnt. Hope the new govt. takes appropriate steps in stopping the violence & protecting its…
— Preity G Zinta (@realpreityzinta) August 10, 2024
ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തെറ്റായ റിപ്പോർട്ടുകളാണെന്ന് മലയാള മാദ്ധ്യമങ്ങളിലടക്കം വാർത്തകൾ വന്നിരുന്നു. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മറവിൽ ഹിന്ദുക്കൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നുവെന്നത് വെറും ആരോപണങ്ങൾ മാത്രമാണെന്നായിരുന്നു കേരളത്തിലെ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ രാജ്യത്തെ ന്യൂനപക്ഷവേട്ടയെ അപലപിച്ച് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് അടക്കം രംഗത്തെത്തി. ഹിന്ദുക്കളും ന്യൂനപക്ഷ വിഭാഗങ്ങളും ബംഗ്ലാദേശിലെ ജനങ്ങളാണെന്നും അവരെ ഉപദ്രവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അതിക്രമം നടന്നിട്ടില്ലെന്ന ജമാഅത്തെ ഇസ്ലാമി ഉൾപ്പടെയുള്ളവരുടെ വാദം പൊളിഞ്ഞിരുന്നു.