ന്യൂഡൽഹി: സെബിയുടെ ചെയർപേഴ്‌സൺ മാധബി പുരിക്കെതിരായ ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരമെന്ന് സിപിഎം. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ കൃത്രിമം സംബന്ധിച്ച മുഴുവൻ സംഭവങ്ങളും സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നതായും പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെബി മേധാവി മാധബി പുരി ബുച്ച് സ്ഥാനമൊഴിയണമെന്നും സിപിഎം ആവശ്യപ്പെട്ടു. മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയ വിദേശ സ്ഥാപനത്തിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻബർഗിന്റെ ആരോപണം. എന്നാൽ റിപ്പോർട്ട് മാധബി പുരി ബുച്ച് നിഷേധിച്ചിരുന്നു. റിപ്പോർട്ടുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. അദാനി ഗ്രൂപ്പും ഇക്കാര്യം നിഷേധിച്ചിരുന്നു.
കൃത്യമായ അന്വേഷണം നടക്കുന്നതുവരെ മാധബി പുരി സെബിയുടെ ചെയർപേഴ്‌സൺ സ്ഥാനത്തു നിന്ന് മാറി നിൽക്കണമെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ നിലപാട്.