ധാക്ക : ബംഗ്ലാദേശ് ഇടക്കാല ഗവൺമെൻ്റിന്റെ തലവൻ മുഹമ്മദ് യൂനസിനെ അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കി.
ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് ഈ നടപടി. ഗ്രാമീൺ ടെലികോം തൊഴിലാളികളുടെയും ജീവനക്കാരുടെയും ക്ഷേമനിധിയിൽ നിന്നുള്ള ഫണ്ട് ദുരുപയോഗം ചെയ്തതിന് അഴിമതി വിരുദ്ധ കമ്മീഷൻ ഫയൽ ചെയ്ത അഴിമതിക്കേസിൽ നിന്നാണ് മുഹമ്മദ് യൂനസിനെ, കുറ്റവിമുക്തനാക്കിയത്
ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗ്രാഫ്റ്റ് ഏജൻസിയുടെ അപേക്ഷ സ്വീകരിച്ച് ധാക്കയിലെ സ്‌പെഷ്യൽ ജഡ്‌ജിസ് കോർട്ട്-4 ലെ ജഡ്ജി എംഡി റബീഉൾ ആലം ഉത്തരവിട്ടതായി അഴിമതി വിരുദ്ധ ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആഗസ്ത് 7-ന് ലേബർ അപ്പലേറ്റ് ട്രിബ്യൂണൽ, തൊഴിൽ നിയമ ലംഘന കേസിൽ യൂനസിനെയും ഗ്രാമീണ ടെലികോമിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കി. ഇതേ കേസുകളിൽ ജനുവരിയിൽ ഇവർക്ക് ആറ് മാസം തടവും 30,000 ടാക്ക പിഴയും വിധിച്ചിരുന്നു.
84-കാരനായ സാമ്പത്തിക വിദഗ്ധൻ യൂനുസ് വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിക്ക് തുല്യമായ പദവിയിൽ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി സത്യപ്രതിജ്ഞ ചെയ്തത്.
രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ ശ്രീ യൂനുസിനെ സഹായിക്കുന്നതിനുള്ള 16 അംഗ കൗൺസിൽ ഓഫ് അഡൈ്വസേഴ്‌സിൽ അഴിമതിക്കേസിലെ കൂട്ടു പ്രതി കൂടിയായ, നൂർജഹാൻ ബീഗം അംഗമാണ്. ഇവരെയും ഇപ്പോൾ കുട്ടാ വിമുക്തയാക്കിയിട്ടുണ്ട്.















