ഭോപ്പാൽ: പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ ഗ്യാസ് കണക്ഷനെടുക്കുന്നവർക്ക് കിഴിവ് പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. 450 രൂപയുടെ ഇളവാണ് ലഭിക്കുക. മറ്റ് ജനകീയ പദ്ധതികളിലും വൈകാതെ തന്നെ ഇളവുകൾ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി.
നെല്ലിനും പാലിനും ബോണസുകളും മറ്റും നൽകുന്നത് പരിഗണനയിലെന്നും അദ്ദേഹം പറഞ്ഞു. രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ച് മണ്ഡ്ലയിൽ നടന്ന സമ്മേളനത്തിലാണ് സുപ്രധാന പ്രഖ്യാപനം. ഒരേ സമയം 25,000 ഇടങ്ങളിലാണ് രക്ഷാബന്ധൻ ആഘോഷിച്ചത്. ഷിയോപൂരിലെ പരിപാടിക്കിടെ 1.29 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലാഡ്‌ലി ബെഹ്‌ന യോജനയ്‌ക്ക് കീഴിൽ 1,250 രൂപയും രക്ഷാബന്ധന് ആഘോഷത്തോടനുബന്ധിച്ച് 250 രൂപയും ഒറ്റ ക്ലിക്കിലൂടെ ട്രാൻസ്ഫർ ചെയ്തു.
നേരത്തെ വിമാനത്താവളത്തിലും മുഖ്യമന്ത്രിക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചിരുന്നു. രാഖി കെട്ടിയ സ്ത്രീകളെ സാരിയും മധുരപലഹാരങ്ങളും നൽകിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാന സർക്കാർ നിരന്തരം പ്രവർത്തിക്കുന്നുവെന്നും തുടർന്നും പിന്തുണയുണ്ടാകുമെന്നും മോഹൻ യാദവ് വ്യക്തമാക്കി.















