തിരുവനന്തപുരം: സമൃദ്ധിയെ വരവേൽക്കാനായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾ നടന്നു. പുലർച്ചെ 5.30 നും 6:30 നും ഇടയിലാണ് ഈ വർഷത്തെ ആദ്യ വിളവെടുപ്പിന്റെ ഒരു ഭാഗം പത്മനാഭസ്വാമിക്ക് സമർപ്പിച്ചത്. ഭഗവാന് സമർപ്പിച്ച നെൽക്കതിരുകൾ ഭക്തജനങ്ങൾ വീടുകളിൽ സൂക്ഷിക്കുന്നതിലൂടെ സർവ്വൈശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം.
പുലർച്ചെ 5:45 ന് പത്മതീർത്ഥ കുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽ നിന്നും വാദ്യങ്ങളോടെ തലച്ചുമടായി നെൽക്കറ്റകൾ കിഴക്കേ നാടകശാലയിൽ എത്തിച്ചു. തുടർന്ന് ക്ഷേത്ര ആഴാതിയുടെ നേതൃത്വത്തിൽ പൂജകൾ നടത്തി. പത്മനാഭസ്വാമിയുടെയും ഉപദേവതകളുടെയും ശ്രീകോവിലുകളിൽ കതിർകറ്റകൾ നിറച്ചു. പൂജകൾക്കു ശേഷം ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് അവൽ പ്രസാദവും പൂജിച്ച കതിർക്കറ്റകളും നൽകി. രാജകുടുംബങ്ങൾ നിറപുത്തരി കൈപ്പറ്റിയതിനുശേഷം ആണ് പുറത്തുനിന്നുള്ള ഭക്തർക്ക് നെൽക്കതിർ വിതരണം ചെയ്യ്തത്.
ഈ വർഷം ആദ്യം കൊയ്ത നെൽകതിരുകളാണ് ഭഗവാന് സമർപ്പിക്കുന്നത്. ആചാരപ്രകാരം നിറപുത്തരി പൂജക്ക് ശേഷം ആലില, മാവില, നെല്ലി, ഇല്ലി, കാഞ്ഞിരം എന്നിവയുടെ ഇലകളോടുകൂടിയ നെൽക്കതിർ ഭക്തജനങ്ങൾക്ക് ക്ഷേത്രങ്ങളിൽനിന്നു ലഭിക്കുന്നു. ഇവ ഭക്തിയോടെ വീട്ടിലെ പൂജാമുറിയിലോ പൂമുഖത്തോ കെട്ടിത്തൂക്കിയാൽ ഐശ്വര്യം വന്നുചേരുമെന്നാണ് വിശ്വാസം. മൂധേവിയെ പുറത്താക്കി ഐശ്വര്യ ദേവതയായ ഭഗവതിയെ കുടിയിരുത്തുന്നു എന്നതാണ് നിറപുത്തരിക്ക് പിന്നിലെ ഐതിഹ്യം.