മെക്സിക്കോ സിറ്റി: പ്രസിദ്ധമായ യാകട്ടാ പിരമിഡുകൾ (Yácata pyramid) തകർന്നു. മെക്സിക്കോയിൽ സ്ഥിതിചെയ്യുന്ന രണ്ട് പിരമിഡുകളാണ് ഒമ്പത് ദിവസത്തെ വ്യത്യാസത്തിനിടെ തകർന്നത്. പ്രദേശത്ത് വീശിയടിച്ച കൊടുങ്കാറ്റിന് പിന്നാലെയായിരുന്നു സംഭവം.
പണ്ടുകാലത്ത് മനുഷ്യരെ ബലി കഴിപ്പിച്ചിരുന്നത് ഈ പിരമിഡുകൾക്കുള്ളിലായിരുന്നു. പിരമിഡുകൾ പണികഴിപ്പിക്കുകയും അവിടെ ബലി നടത്തുകയും ചെയ്തിരുന്ന ഗോത്രവർഗങ്ങളുടെ പിൻഗാമികൾ സംഭവത്തെ, വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തുന്നത്. വലിയൊരു വിനാശം സംഭവിക്കാൻ പോവുകയാണെന്നും അതിന്റെ അടയാളമാണ് പിരമിഡ് തകർന്നതെന്നുമാണ് തദ്ദേശീയ സമൂഹം പറയുന്നത്.
മെക്സിക്കോയിൽ ജീവിക്കുന്ന പുരെപെച്ചാ (Purepecha) സമൂഹത്തിന്റെ പൂർവികരായിരുന്നു പിരമിഡുകൾക്ക് നിർമിച്ചത്. ആസ്ടെക്കുകളെ (Aztecs) പരാജയപ്പെടുത്തിയ ഗോത്രവർഗമാണിത്. പുരാതനകാലത്തെ പുരെപെച്ചാ ഗോത്രക്കാർ മനുഷ്യരെ ബലികഴിപ്പിക്കാൻ പിരമിഡുകൾ (Yacata pyramids) ഉപയോഗിച്ചിരുന്നു. 1519ൽ സ്പാനിഷുകാർ അധിനിവേശം നടത്തുന്നതിന് മുൻപ് 400 വർഷത്തോളം പുരെപെച്ചാ ഗോത്രമാണ് ഇവിടം ഭരിച്ചിരുന്നത്.















