ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി അനിശ്ചിതകാല സമരം തുടങ്ങാനൊരുങ്ങി ഡോക്ടർമാർ. ഇന്ത്യയിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ഡൽഹി, മുംബൈ, കൊൽക്കത്ത നഗരങ്ങളിലെ ഡോക്ടർമാർ കേസിലെ അന്വേഷണം പൂർത്തിയാകുന്നത് വരെ അടിയന്തര ചികിത്സ ഒഴികെയുള്ള സേവനങ്ങൾ നിർത്തി വയ്‌ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ ആരോഗ്യ പ്രവർത്തകർക്കും മതിയായ സുരക്ഷാ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ആർജി കാർ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പൊലീസ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി സഞ്ജയ് റോയ് കൊലപാതകത്തിനുശേഷം തെളിവ് നശിപ്പിക്കുന്നതിനായി തന്റെ വസ്ത്രങ്ങൾ കഴുകിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ആർജി കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർമാരുടെ സമരം തുടരുകയാണ്. സ്ഥിതി ശാന്തമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ വിനീത് ഗോയൽ രണ്ടാം തവണയും ആശുപത്രിയിലെത്തി മെഡിക്കൽ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നു. അന്വേഷണം സുതാര്യമായാണ് നടക്കുന്നതെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വനിതാ പിജി ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ കഴുത്ത് ഞെരിച്ച പാടുകളും മുറിപ്പാടുകളും രക്തക്കറകളുമുണ്ടായിരുന്നു. പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധം കനത്തതോടെ സംസ്ഥാന സർക്കാർ 11 അംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയെങ്കിലും സംഘത്തിലെ പലരും മമത സർക്കാരിന്റെ അനുഭാവികളാണെന്ന ആരോപണവും ഉയർന്നിരുന്നു.















