ന്യൂഡൽഹി: അഹമ്മദാബാദിൽ നാളെ നടക്കുന്ന ഹർ ഘർ തിരംഗ യാത്ര കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഫ്ലാഗ് ഓഫ് ചെയ്യും. അഹമ്മദ് മുനിസിപ്പൽ കോർപ്പറേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന യാത്ര പൗരന്മാരിൽ ദേശീയ ബോധവും ഐക്യവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു. അഹമ്മദാബാദിലെ വിരാട്‌നഗർ ഏരിയയിൽ നിന്നും വൈകുന്നേരം 4.30 നാണ് യാത്ര ആരംഭിക്കുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശസ്നേഹവും ദേശീയ സത്വബോധവും ഊട്ടിയുറപ്പിക്കുന്നതിന് പൗരന്മാരെ അവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ക്യാമ്പയിൻ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം വീടുകളിലും ഓഫീസുകളിലും കടകളിലുമെല്ലാം ത്രിവർണ പതാകയുയർത്താൻ കേന്ദ്ര സർക്കാർ പൗരന്മാരോട് അഭ്യർത്ഥിച്ചു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രചാരണമാണ് ‘ഹർ ഘർ തിരംഗ. ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായി 2021 ലാണ് ഇത് ആരംഭിച്ചത്. ജനങ്ങളുടെ ഹൃദയങ്ങളിൽ ദേശസ്നേഹം വളർത്തുകയും ഇന്ത്യൻ ദേശീയ പതാകയെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് എന്നതാണ് ഈ ആശയത്തിന് പിന്നിൽ. എല്ലാ പൗരന്മാരും ക്യാമ്പയിന്റെ ഭാഗമാകണമെന്ന് ജൂലൈയിൽ നടന്ന 112-ാമത് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു.