സാമന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷമുള്ള ദിവസങ്ങള്‍ നാഗചൈതന്യയ്‌ക്ക് എളുപ്പമല്ലായിരുന്നുവെന്ന് പിതാവും നടനുമായ നാഗാര്‍ജുന. വിവാഹമോചനം നേടിയപ്പോൾ നാഗ ചൈതന്യ വിഷാദത്തിലായിരുന്നു. കുടുംബത്തിനും പ്രയാസകരമായ സമയമായിരുന്നു അത് . ശോഭിത ധൂലിപാലയുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷം നാഗ ചൈതന്യ വളരെ സന്തോഷവാനാണ്. അവന്‍റെ സന്തോഷത്തില്‍ താനും ആനന്ദിക്കുന്നെന്ന് അദ്ദേഹം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ എന്റെ മകൻ വിഷമങ്ങൾ ആരുടെ മുന്നിലും കാണിക്കാറില്ല. പക്ഷേ, അവൻ ദുഃഖിതനായിരുന്നുവെന്ന് എനിക്കറിയാം. ഇപ്പോൾ അവൻ സന്തോഷവാനാണ്. ശോഭിതയും നാഗ ചൈതന്യയും നല്ല ജോഡികളാണ്. ഒരു ഇരുവരും പരസ്പരം വളരെയധികം സ്നേഹിക്കുന്നു‘ നാഗാർജുന പറഞ്ഞു.
നാഗ ചൈതന്യയും ശോഭിതയും ഡേറ്റിംഗിലാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ പെട്ടെന്ന് അവർ വിവാഹ നിശ്ചയം നടത്തുമെന്ന് ആരും കരുതിയിരിക്കില്ല. എല്ലാം ആഘോഷത്തോടെ നടന്നുവെന്നും നാഗാർജുന പറഞ്ഞു.
നാലുവര്‍ഷത്തെ പ്രണയത്തിന് ശേഷം 2021ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരാകുന്നത്. 2021 ല്‍ വിവാഹമോചിതരാകുകയും ചെയ്തു. പിന്നാലെ നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധൂലിപാലയും ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള അവധിക്കാല ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് ഓഗസ്റ്റ് എട്ടിന് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.















