ലുധിയാന: യുവതിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രതികളിൽ മൂന്ന് പേരും കുടുംബാംഗങ്ങളാണ്. പഞ്ചാബിലെ ലുധിയാനയിലാണ് നാടിനെ നടുക്കുന്ന സംഭവം നടന്നത്. യുവതിയുടെ സഹോദനും പ്രതികളുടെ വീട്ടിലെ പെൺകുട്ടിയും ഒളിച്ചോടിയതിനെ തുടർന്നുള്ള വൈരാഗ്യമായിരുന്നു കുറ്റകൃത്യത്തിന് ആധാരം. യുപിയിലെ ഗൊരഖ്പൂർ സ്വദേശികളാണ് പ്രതികൾ.
പീഡനത്തിനിരയായ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. രവീന്ദർ സിംഗ്, അയാളുടെ സഹോദരൻ വരീന്ദർ സിംഗ്, മകൻ അമൻ സിംഗ്, ഇവരുടെ സഹായി സന്തോഷ് സിംഗ് എന്നിവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. ഇവർക്കെതിരെ ടിബ്ബ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രവീന്ദർ സിംഗിന്റെ മകളോടൊപ്പമാണ് തന്റെ സഹോദരൻ ഒളിച്ചോടിയതെന്ന് പീഡനത്തിന് ഇരയായ യുവതി പൊലീസിനെ അറിയിച്ചു. ഏപ്രിലിലായിരുന്നു ഇരുവരും ഒളിച്ചോടിയത്. തുടർന്ന് മെയ് ഒന്നിന് യുവതിയുടെ വീട്ടിലേക്ക് നാല് പേർ ഇരച്ചുകയറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. പരാതി നൽകിയാൽ പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. വിവാഹിതയായ യുവതി രണ്ട് കുട്ടികളുടെ അമ്മയാണ്.















