വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളുമെന്ന് കേരളാ ബാങ്ക്. ചൂരൽമല ശാഖയിലെ വായ്പകളാണ് എഴുതിത്തള്ളുന്നത്. ഇതുമായി ബന്ധപ്പെട്ട ആദ്യപട്ടിക തയ്യാറായിയെന്ന് കേരള ബാങ്ക് അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തിൽ ചേർന്ന ബാങ്ക് സമിതി യോഗത്തിലാണ് തീരുമാനം.
ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർ, വീടും വസ്തുക്കളും നഷ്ടപ്പെട്ടവർ എന്നിവരുടെ വായ്പകളാണ് ഒഴിവാക്കിയിരിക്കുന്നത്. നിലവിൽ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ വായ്പകളാണ് എഴുതിത്തള്ളുന്നത്. 6,65,000 രൂപയായിരിക്കും ആദ്യ ഘട്ടത്തിൽ എഴുതിത്തള്ളുക. മറ്റ് ദുരിതബാധിതരുടെ കാര്യത്തിലും ഉടനെ തീരുമാനമുണ്ടാകുമെന്നും കേരള ബാങ്ക് അറിയിച്ചു.
നിലവിൽ ചൂരൽമല ശാഖയിൽ നിന്ന് വായ്പകൾ എടുത്തവരുടെ ബാധ്യതകളാണ് ബാങ്ക് തള്ളിയിരിക്കുന്നത്. എന്നാൽ മറ്റ് ശാഖകളിൽ നിന്നും വായ്പകൾ എടുത്ത ദുരിതബാധിതർക്ക് ഈ സഹായം ലഭ്യമാകുമോ എന്നതിൽ വ്യക്തത വരേണ്ടതുണ്ട്.















