വയനാട്: പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം പ്രതീക്ഷ നൽകുന്നതാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ദേവൻ. ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച വിഷയങ്ങളിൽ സംസ്ഥാന സർക്കാർ എത്രയും പെട്ടന്ന് തീരുമാനമുണ്ടാക്കണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന് ജാഗ്രതകുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ദുരന്തഭൂമി സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”വയനാട്ടിലേക്ക് നരേന്ദ്രമോദി എത്തിയത് പ്രധാനമന്ത്രിയായല്ല. പച്ചയായ മനുഷ്യനായാണ്. മുണ്ടക്കൈയിലെ ഉരുൾപൊട്ടലിനെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായി മനസിലായിട്ടുണ്ട്. അതിനാൽ ദുരിതബാധിതരെ കൈപിടിച്ചുയർത്താൻ സാധിക്കുന്ന വിധത്തിൽ പുനരധിവാസത്തിനായുള്ള സഹായങ്ങൾ കേന്ദ്രസർക്കാർ നൽകും.”- ദേവൻ പറഞ്ഞു.
ദുരിതബാധിതരുടെ പുനരധിവാസം സംസ്ഥാനസർക്കാർ എത്രയും പെട്ടന്ന് നടപ്പിലാക്കാനുള്ള പദ്ധതികൾ തയ്യാറാക്കണം. എസ്റ്റേറ്റുകളും മറ്റും ഏറ്റെടുത്ത് കൃത്യമായൊരു പദ്ധതി ദുരിതബാധിതർക്കായി ഒരുക്കണം. പണം ഇതിന് തടസമാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അതിനാൽ സംസ്ഥാന സർക്കാർ നാശനഷ്ടങ്ങളുടെ കണക്കുകൾ സംബന്ധിച്ച വിശദമായ മെമ്മോറാണ്ടം കേന്ദ്രസർക്കാരിന് നൽകണം.
ഒന്നര ദിവസം കൊണ്ട് ബെയ്‌ലി പാലം നിർമിക്കാൻ സാധിക്കുമെങ്കിൽ ആറ് മാസം കൊണ്ട് ബൃഹത്തായ പദ്ധതി തയ്യാറാക്കി ദുരിതബാധിതരെ പുനരധിവാസിപ്പിക്കാൻ സർക്കാരിന് സാധിക്കണം. കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും കൈകോർത്ത് ചെയ്യുന്ന പുനരധിവാസ പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കാൻ സാധിക്കട്ടെയെന്നും ദേവൻ പറഞ്ഞു.
മുൻകൂട്ടി നൽകിയ മുന്നറിയിപ്പുകൾ ഭരണാധികാരികൾ ഗൗരവമായി കണ്ടില്ല. ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. വയനാട്ടിലെ ജനങ്ങളുടെ സുരക്ഷ ഇനിയെങ്കിലും സംസ്ഥാന സർക്കാർ മുന്നിൽ കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.















