ഷിരൂർ: ഉത്തര കന്നടയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ. രക്ഷാ പ്രവർത്തനത്തിൽ കർണാടക സർക്കാർ അലംഭാവം കാണിക്കുകയാണെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. തെരച്ചിൽ പുനരാരംഭിച്ചില്ലെങ്കിൽ പ്രതിഷേധവുമായി അച്ഛനും അമ്മയും ഭാര്യയും കുഞ്ഞും ഷിരൂരിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഷിരൂരിൽ അർജുനെ കാണാതായി ഒരു മാസം ആവുമ്പോഴും തെരച്ചിൽ തുടരാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ കുടുംബം തീരുമാനിച്ചിരിക്കുന്നത്. അർജുന്റെ അച്ഛനും അമ്മയും ഭാര്യയും കുഞ്ഞും ഉടൻ ഷിരൂരിലേക്ക് പോകും. കർണാടക സർക്കാർ അലംഭാവം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും ജിതിൻ വ്യക്തമാക്കി.
കാലാവസ്ഥ അനുകൂലമായാൽ തെരച്ചിൽ തുടരുമെന്നാണ് ജില്ലാ കളക്ടറും ജില്ലാ ഭരണകൂടവും അറിയിച്ചത്. മഴയും അടിയൊഴുക്കും കുറഞ്ഞിട്ടും പുനരാരംഭിച്ചിട്ടില്ല. നാല് ദിവസത്തേക്ക് താൽക്കാലികമായി തെരച്ചിൽ അവസാനിപ്പിക്കുമെന്ന് പറഞ്ഞതുകൊണ്ടാണ് ഷിരൂരിൽ നിന്ന് മടങ്ങിയത്.
പ്രാദേശിക മുങ്ങൽ വിദഗ്ധനായ ഈശ്വർ മാപ്പെയും സംഘവും സ്വന്തം താത്പര്യപ്രകാരമാണ് പരിശോധന നടത്തിയത്. അനുകൂല കാലാവസ്ഥയായിട്ടും രക്ഷാപ്രവർത്തനം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. സർക്കാർ അലംഭാവം തുടർന്നാൽ പ്രതിഷേധം ശക്തമാക്കുമെന്നും കുടുംബം വ്യക്തമാക്കി.















