ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന കോൺമാൻ സുകേഷ് ചന്ദ്രശേഖർ, നടി ജാക്വിലിൻ ഫെർണാണ്ടസിന് പിറന്നാൾ സമ്മാനമായി നൽകിയത് ഉല്ലാസനൗകയെന്ന് റിപ്പോർട്ട്. ‘Lady Jacqueline’ എന്ന് പേരിട്ടിരിക്കുന്ന ഉല്ലാസബോട്ടാണ് പിറന്നാൾ സമ്മാനം. സാമ്പത്തിക ഇടപാടുകൾ പൂർത്തിയായതായും ഈ മാസം തന്നെ ആഡംബര ബോട്ട് ഡെലിവറി ചെയ്യുമെന്നും സുകേഷ് അറിയിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021ൽ ജാക്വിലിൻ കണ്ടുവച്ച ഉല്ലാസനൗകയാണ് സുകേഷ് ഇപ്പോൾ പിറന്നാൾ സമ്മാനമായി നൽകിയിരിക്കുന്നതെന്നാണ് വിവരം.
എന്റെ ബേബി ഗേൾ, എന്റെ ബൊമ്മ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ജാക്വിലിന് ഒരു തുറന്ന കത്തും പിറന്നാളിനോടനുബന്ധിച്ച് കോൺമാൻ സുകേഷ് നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 11നായിരുന്നു നടി ജാക്വിലിന്റെ പിറന്നാൾ.
ജാക്വിലിന് എല്ലാവിധ പിന്തുണയും നൽകുന്ന ആരാധകർക്ക് ഐഫോൺ നൽകുമെന്നും സുകേഷ് അറിയിച്ചിട്ടുണ്ട്. 100 പേർക്ക് iPhone 15 pro ആണ് വിതരണം ചെയ്യുക. യൂട്യൂബിൽ നിന്നാണ് നൂറ് ആരാധകരെ തെരഞ്ഞെടുക്കുകയെന്നും അതിനായി സുകേഷിന്റെ ടീം തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 15 കോടി രൂപ ജാക്വിലിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും സുകേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2015 മെയ് മാസത്തിലായിരുന്നു വഞ്ചന, ക്രിമിനൽ ഗൂഡാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി 200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ സുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാളുടെ ഭാര്യ നടി ലീന മരിയ പോളും കേസിൽ അറസ്റ്റിലായിരുന്നു.