കൊല്ലം: എൻകെ പ്രേമചന്ദ്രൻ എംപിയുടെ ഹിന്ദുവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി കൊല്ലം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. എംപിയുടെ വസതിയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധമാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
എൻകെ പ്രേമചന്ദ്രന് ജമാ അത്തെ ഇസ്ലാമിയുടെ ഭാഷയാണെന്നും, ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരിദാസ് പറഞ്ഞു. ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്.
ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യത്തോട് പ്രേമചന്ദ്രൻ നടത്തിയ പ്രതികരണമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കേരളത്തിലെ ജമാഅത്ത് ഇസ്ലാമിയും ബംഗ്ലാദേശിലെ ജമാഅത്ത് ഇസ്ലാമിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും പ്രേമചന്ദൻ അവരുടെ നാവായാണ് പ്രവത്തിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
ബംഗ്ലാദേശിലെ ന്യൂനപക്ഷത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അതിനെതിരെ ചെറുവിരൽ പോലും അനക്കാതെ പ്രധാനമന്ത്രിയെ കുറ്റം പറയാൻ ശ്രമിച്ച പ്രേമചന്ദ്രൻ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമര പ്രക്ഷോഭങ്ങളുമായി ഹിന്ദുഐക്യവേദി മുന്നോട്ടുപോകുമെന്നും കെ.പി ഹരിദാസ് പറഞ്ഞു.
ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, ആർഎസ്എസ് പ്രാന്ത കാര്യകാരി അംഗം വി മുരളീധരൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദർശനൻ, ബിജെപി സംസ്ഥാന സമിതി അംഗം എജെ ശ്രീകുമാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ യുവമോർച്ച പ്രവർത്തകരും എൻകെ പ്രേമചന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.