കോട്ടിംഗ് ഇളകി പോയ പാത്രങ്ങളിലുള്ള പാചകം ശരീരത്തിന് നല്ലതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് കാൻസർ പോലുള്ള മാരക രോഗങ്ങളിലേക്ക് വഴിവയ്‌ക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അപ്പോൾ കോട്ടിംഗ് ഇളകി പോവാതിരിക്കാൻ എന്ത് ചെയ്യണമെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ കോട്ടിംഗ് ഇളകി പോയാലും നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാം. അതിനായി ഈ പൊടിക്കൈ പരീക്ഷിച്ചോളൂ..
വറുക്കുന്നതിനും പൊരിക്കുന്നതിനും മിക്ക വീട്ടിലും നോൺസ്റ്റിക് പാത്രങ്ങളാണ് ആശ്രയിക്കുന്നത്. ഇവയിൽ കറി ഇളക്കുന്നതിനും മറ്റുമായി സ്റ്റീൽ തവികളായിരിക്കും ചിലപ്പോഴൊക്കെ ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം തവികൾ നോൺസ്റ്റിക് പാത്രങ്ങളിൽ ഉപയോഗിക്കരുത്. അതിനായി തടിയിലും മറ്റും തീർത്ത പ്രത്യേക തവികൾ ലഭ്യമാണ്. ഇതുപയോഗിച്ച് പാചകം ചെയ്താൽ കോട്ടിംഗ് ഇളകി പോകുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും. ഇങ്ങനെയൊക്കെ ചെയ്തിട്ടും കോട്ടിംഗ് പോവുകയാണെങ്കിലും വിഷമിക്കേണ്ട വാഴയിലയിൽ പരിഹാരമുണ്ട്.
കോട്ടിംഗ് പോയ നോസ്റ്റിക് പാത്രങ്ങൾ വറക്കാനും പൊരിക്കാനും നേരിട്ട് ഉപയോഗിച്ചാൽ എണ്ണ കൂടുതലായി ഉപയോഗിക്കേണ്ടതായി വരും. ഇവിടെയാണ് വാഴയിലയുടെ ഉപയോഗം. പാത്രത്തിന്റെ ഉൾഭാഗത്തിന്റെ ആകൃതിയിൽ വാഴയില വെട്ടിയെടുത്ത ശേഷം തീയിൽവച്ച് വാട്ടിയെടുക്കുക.
ശേഷം ഇതിലേക്ക് എണ്ണ ഒഴിച്ച് ഓരോ വിഭവങ്ങളും വറുത്തെടുക്കാം. എണ്ണ അമിതമായി ഉപയോഗിക്കേണ്ടതായി വരികയോ കേടുവന്ന പാത്രങ്ങൾ മാറ്റി വക്കേണ്ടതിന്റെ ആവശ്യമോ വരുന്നില്ല.
പുതിയ പാത്രത്തിന്റെ പണം ലാഭിക്കുന്നതിന് പുറമേ കോട്ടിംഗ് പോയതിന്റെ പേരിൽ നോൺ സ്റ്റിക് പാത്രങ്ങൾ മുറിയുടെ മൂലയിൽ തളളുന്നതും ഇതിലൂടെ ഒഴിവാക്കാം.















