ഷിരൂർ: കർണാടകയിലെ മണ്ണിടിച്ചിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഉത്തര കന്നഡ ജില്ലാ കളക്ടർ, കാർവാർ എംഎൽഎ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തിരച്ചിൽ വീണ്ടും ആരംഭിക്കാൻ തീരുമാനമായത്.
പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ദിവസങ്ങൾക്ക് മുൻപ് തിരച്ചിൽ നിർത്തിവച്ചത്. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തിരച്ചിൽ പുനരാരംഭിക്കുന്നത്. നാവിക സേനയുടെ നേതൃത്തിൽ ഗംഗാവലി പുഴ കേന്ദ്രീകരിച്ചാകും ഇന്ന് തിരച്ചിൽ നടത്തുക. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധനയും നടത്തും.നേരത്തെ നാല് പോയിൻ്റുകളിലാണ് ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് സിഗ്നലുകൾ ലഭിച്ചത്. എന്നാൽ പുഴയിലെ അതിശക്തമായ അടിയൊഴുക്കിൽ ഇതിന്റെ സ്ഥാനം മാറാൻ സാധ്യതയുണ്ട്. ഇത് പരിശോധിക്കാനാണ് നാവികസേന വീണ്ടും പുഴയിലിറങ്ങി പരിശോധന നടത്തുന്നത്.
അർജുനായുള്ള തിരച്ചിൽ വൈകിപ്പിക്കുന്നതിനെതിരെ ഉത്തര കന്നഡ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി അർജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തിരച്ചിൽ പുനരാരംഭിച്ചില്ലെങ്കിൽ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധിക്കുമെന്ന് അർജുന്റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞിരുന്നു.















