ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് പകരാൻ 97 തേജസ് മാർക്ക് 1A യുദ്ധവിമാനങ്ങൾ കൂടി. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎൽ) പ്രതിരോധ മന്ത്രാലയം ഉടൻ കരാർ നൽകും. 67,000 കോടി രൂപയുടേതാണ് കരാർ.
ഈ വർഷം അവസാനത്തോടെയാകും യുദ്ധവിമാനങ്ങൾ സേനയ്‌ക്ക് കൈമാറുക. നേരത്തെ 2021-ൽ ഇത്തരത്തിൽ 83 വിമാനങ്ങൾക്കായി എച്ച്എഎല്ലിന് 48,000 കോടി രൂപയുടെ കരാർ മന്ത്രാലയം നൽകിയിരുന്നു. നവീകരണത്തിന്റെ പാതയിലാണ് പ്രതിരോധ മേഖലയെന്നും അതിന് ആക്കം കൂട്ടുന്നവയാണ് തദ്ദേശീയമായി നിർമിക്കുന്ന ആയുധങ്ങളും യുദ്ധസംവിധാനങ്ങളുമെന്ന് പ്രതിരോധ മേഖലയിലെ വൃത്തങ്ങൾ പറഞ്ഞു.
ഐഎഎഫിന്റെ മിക്കോയാൻ-ഗുരെവിച്ച് മിഗ്-21 യുദ്ധവിമാനത്തിന് പകരമായിരിക്കും സിംഗിൾ എഞ്ചിൻ എംകെ-1A. വ്യോമസേനയുടെ ഭാഗമായ എൽസിഎ-1ന്റെ നൂതന വകഭേദമാണ് എൽസിഎ-1A. ഇതിനോടകം 35 എൽസിഎ-1A വിമാനങ്ങൾ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. പ്രതിവർഷം 15 മാർക്ക്-1A യുദ്ധവിമാനങ്ങളാണ് എച്ച്എഎൽ ബെംഗളൂരുവിൽ നിർമിക്കുന്നത്. വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റനായി എച്ച്എഎൽ നാസികിൽ പുതിയ പ്രൊഡക്ഷൻ ലൈൻ സജ്ജമാക്കാനുള്ള പദ്ധതിയിലാണ്.















