മുംബൈ: ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ഉപഭോക്തൃ വിലക്കയറ്റം അഞ്ചുവർഷത്തെ താഴ്ന്ന നിലയിൽ. 2024 ജൂലായ് പ്രകാരം 3.54 ശതമാനമാണ് വിലക്കയറ്റത്തിന്റെ തോത്. ജൂൺ മാസത്തിൽ ഇത് 5.1 ശതമാനമായിരുന്നു. ഗ്രാമമേഖലയിലെ വിലക്കയറ്റം 4.1 ശതമാനവും നഗരമേഖലയിൽ 2.98 ശതമാനവും മാത്രമാണ്. ഇതോടെ രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
അഞ്ചുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ജൂലൈ മാസത്തിലേത്. 2019 സെപ്റ്റംബറിനു ശേഷം ഇത് ആദ്യമായാണ് പണപ്പെരുപ്പം നാല് ശതമാനത്തിൽ താഴെ എത്തുന്നത്.
ഭക്ഷ്യവിലപ്പെരുപ്പം ജൂണിലെ 9.36 ശതമാനത്തിൽ 2024 ജൂലൈയിൽ 5. 42 ശതമാനമായി ആയി കുറഞ്ഞതാണ് മൊത്തത്തിലുള്ള കുറവിന് സഹായിച്ചത്. പച്ചക്കറികൾ, പഴവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വിലക്കയറ്റത്തിന്റെ തോതും താഴ്ന്നിട്ടുണ്ട്. വിലക്കറ്റം കുറഞ്ഞത് റിപ്പോ നിരക്കിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.















