തൃശൂർ: മാളയിൽ വനിത ദന്തഡോക്ടറെ തെരുവ് നായ്‌ക്കൾ ആക്രമിച്ചു. അഷ്ടമിച്ചിറ സ്വദേശിയായ ഡോക്ടർ ശ്രീജിത്തിന്റെ ഭാര്യ പാർവതിക്ക് സാരമായി പരിക്കേറ്റു.
ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. ക്ലിനിക്കിൽ നിന്നും ഇന്ത്യൻ ഓയിൽ പമ്പിന്റെ പുറകുവശത്തുള്ള വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുന്ന സമയത്താണ് നായ്‌ക്കൾ കൂട്ടം ചേർന്ന് പാർവതിയെ ആക്രമിച്ചത്. നായ്‌ക്കൾ വരുന്നത് കണ്ട് ഭയന്നോടുന്നതിനിടെ പാർവതി പുറകിലോട്ട് വീണു. വീണുകിടന്ന ഡോക്ടറെ നായ്‌ക്കൾ ഇരു തുടകളിലും കൈകളിലും കടിച്ചു. വീഴ്ചയിൽ കൈയ്‌ക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. പമ്പിലെ ജീവനക്കാരെത്തിയാണ് ഡോക്ടറെ രക്ഷിച്ചത്.
തക്ക സമയത്ത് പമ്പിലെ ജീവനക്കാരെത്തിയത് കൊണ്ടാണ് ജീവൻ തിരിച്ച് കിട്ടയതെന്നും തന്റെ സ്ഥാനത്ത് കുട്ടികളോ മറ്റോ ആയിരുന്നുവെങ്കിൽ മരണം വരെ സംഭവിച്ചേക്കുമായിരുന്നുവെന്ന് പാർവതി പറയുന്നു. തെരുവുനായ ആക്രമണം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.
സംസ്ഥാന വ്യാപകമായി വീണ്ടും തെരുവ് നായ ആക്രമണം സ്ഥിരമാവുകയാണ്. കണ്ണൂരിൽ തെരുവ് നായ കുറുകെ ചാടി സ്കൂട്ടർ യാത്രികൻ മരിച്ചു. കക്കാട് കുഞ്ഞപ്പള്ളിയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.