പാരീസ് ഒളിമ്പിക്‌സിൽ സ്വർണ മെഡൽ നേടിയ പാക് താരം അർഷൻ നദീമിന് ആൾട്ടോ കാർ പ്രഖ്യാപിച്ച പാക്-അമേരിക്കൻ വ്യവസായിക്ക് ട്രോൾ മഴ. പ്രശസ്ത വ്യവസായി അലി ഷെയ്ഖാനിയാണ് ‘പുതിയ’ കാർ സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചത്. 1984 ലോസ് ഏഞ്ചൽസ് ഗെയിംസിന് ശേഷം ഇതാദ്യമായാണ് പാകിസ്താൻ സ്വർണ മെഡൽ നേടിയത്.
വാർത്ത വൈറലായതോടെ ആരാധകർ കമൻ്റ് ബോക്സിൽ ഒഴുകിയെത്തി. ചിലർ അത്‌ലറ്റിനെ പുകഴ്‌ത്തിയപ്പോൾ മറ്റുള്ളവർ നദീമിന് ‘വിലകുറഞ്ഞ’ സമ്മാനം നൽകിയ ബിസിനസുകാരനെ പരിഹസിച്ചു. ” ഇത് ശരിക്കും അപമാനമാണ്, അയാൾ ബിഎംഡബ്യൂവിനും ഔഡിക്കും അർഹനാണ്, ഇതെന്താ തമാശയാണോ ? എന്തുകൊണ്ട് ആൾട്ടോ??? ഇതിലും വിലകുറഞ്ഞതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലേ?” തുടങ്ങി നിരവധി പ്രതികരണങ്ങളാണ് എത്തിയത്.
സ്വർണം നേടിയ ശേഷം അർഷാദ് നദീമിന് ലഭിക്കുന്ന ആദ്യ സമ്മാനമല്ല ആൾട്ടോ കാർ. ഫ്രാൻസിലെ വിജയത്തിന് ശേഷം ഭാര്യാപിതാവ് 27 കാരന് ഒരു പോത്തിനെ സമ്മാനിച്ചിരുന്നു. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ്, പഞ്ചാബ് ഗവർണർ സർദാർ സലീം ഹൈദർ ഖാൻ, സിന്ധ് മുഖ്യമന്ത്രി എന്നിവർ വൻ തുക അർഷാദ് നദീമിന് സമ്മാനിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.