കൊച്ചി: തെരഞ്ഞെടുപ്പിനിടെ ഉണ്ടായ കാഫിർ വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്. കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു.
റെഡ് എൻകൗണ്ടേഴ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ആദ്യം സ്ക്രീൻ ഷോട്ട് പ്രത്യക്ഷപ്പെട്ടത്. റിബേഷ് എന്നയാളാണ്ഏപ്രിൽ 25ന് ഉച്ചയ്ക്ക് 2.13ന് ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്തത്. രണ്ടാമത് സ്ക്രീൻഷോട്ട് വന്നത് റെഡ് ബറ്റാലിയൻ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ്. അന്നു തന്നെ ഉച്ചയ്ക്ക് 2.34 ന് ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് അമൽറാം എന്നയാളാണ്.
എവിടെനിന്നാണ് സ്ക്രീൻഷോട്ട് ലഭിച്ചതെന്ന് കാര്യം അന്വേഷണത്തിൽ റിബേഷ് വെളിപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. ഇയാളുടെ ഫോൺ വിശദമായ പരിശോധനയ്ക്ക് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ അനുബന്ധ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
ഏപ്രിൽ 25 ന് വൈകിട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കൾ എന്ന പേജിൽ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു. ഈ പേജിന്റെ അഡ്മിൻ മനീഷിനെ ചോദ്യം ചെയ്തപ്പോൾ റെഡ് ബറ്റാലിയൻ ഗ്രൂപ്പിൽ നിന്നാണ് ലഭിച്ചതെന്നായിരുന്നു മൊഴിയെന്നും പൊലീസ് പറഞ്ഞു.
രാത്രിയോടെ പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിലും സ്ക്രീൻഷോട്ട് ഷെയർ ചെയ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ഷൈലജയെ കാഫിറെന്ന് വിളിക്കുന്ന പോസ്റ്ററാണ് വിവാദമായത്. യൂത്ത് ലീഗ് നേതാവ് പികെ മുഹമ്മദ് കാസിന്റെ പേരിലാണ് സ്്ക്രീൻഷോട്ട് പ്രചരിച്ചത്.
സ്ക്രീൻഷോട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ ഭാര്യയും മുൻ എംഎൽഎയുമായ കെകെ ലതിക ഉൾപ്പെടെ പങ്കുവെയ്ക്കുകയും ചെയ്തതോടെ ഇത് ഉയർത്തിക്കാട്ടി വോട്ട് പിടിക്കാനും എൽഡിഎഫ് നീക്കം നടത്തി. പോസ്റ്റ് പ്രചരിപ്പിച്ചത് താനല്ലെന്നും യഥാർത്ഥ പ്രതികളെ പിടിക്കണമെന്നും കാണിച്ച് കാസിം പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ ഒരു ഡസനിലേറെ പേരുടെ മൊഴിയെടുത്തിട്ടുണ്ട്.