ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ സമരം അവസാനിപ്പിച്ച് റസിഡന്റ് ഡോക്ടർമാർ. തൊഴിലിടങ്ങളിൽ സുരക്ഷ ശക്തമാക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻസ്(ഫോർഡ) സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. രാജ്യവ്യാപകമായി നടത്തി വന്ന പണിമുടക്കാണ് സംഘടന പിൻവലിച്ചത്. ജെ പി നദ്ദയുടെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം എന്ന തങ്ങളുടെ ആവശ്യത്തിന് ഉടനടി പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഫോർഡ പ്രസിഡന്റ് അവിരാൾ മാത്തൂർ പറഞ്ഞു. ” ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും, ഞങ്ങളുടെ ആവശ്യങ്ങൾ അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. ഡോക്ടർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുമെന്ന് അദ്ദേഹം ഞങ്ങൾക്ക് ഉറപ്പ് നൽകി. സമയബന്ധിതമായ രീതിയിൽ ഞങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.
പ്രശ്‌ന പരിഹാര സമിതിക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഫോർഡ പ്രതിനിധികളേയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും” മാത്തൂർ വ്യക്തമാക്കി. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി റസിഡന്റ് ഡോക്ടർമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.
ആശുപത്രികളെ സേഫ് സോണുകളായി പ്രഖ്യാപിക്കുക, ആരോഗ്യ പ്രവർത്തകർക്കും ഈ മേഖലയിൽ നടക്കുന്നതുമായ അക്രമങ്ങൾക്കെതിരെ കേന്ദ്ര നിയമം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎംഎ പ്രതിനിധികളും ഇന്നലെ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം കേസ് അന്വേഷണം കൊൽക്കത്ത പൊലീസിൽ നിന്ന് സിബിഐക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ടി.എസ് ശിവജ്ഞാനം അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് സേവനം നിഷേധിച്ചുകൊണ്ടുള്ള പണിമുടക്കിൽ നിന്ന് ഡോക്ടർമാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.















