ന്യൂഡൽഹി: രാജ്യം 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങവേ തദ്ദേശീയ കുതിപ്പിൽ പ്രതിരോധ മേഖല. 1,000 കിലോമീറ്റർ പരിധിയിൽ പ്രതിരോധം തീർക്കുന്ന തദ്ദേശീയ കാമികസെ ആളില്ലാ വിമാനങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് (എൻഎഎൽ). ഒറ്റ തവണ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന “do-and-die” ആളില്ലാ വാഹനങ്ങളാണ് കാമികസെ.
2.8 മീറ്റർ നീളവും 3.5 മീറ്റർ നീളമുള്ള ചിറകും 120 കിലോ ഭാരവും കാമികസെ ഡ്രോണിനുണ്ടാകും. 25 കിലോഗ്രാം ഭാരവും കാമികസെ വഹിക്കും. എൻഎഎൽ വികസിപ്പിച്ച എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ പറക്കാൻ ഇവയ്‌ക്ക് സാധിക്കും. ദീർഘ നേരം ഒരു പ്രദേശം കേന്ദ്രീകരിച്ച് ശ്രദ്ധ ചെലുത്താൻ ഇവയ്‌ക്ക് സാധിക്കും. സ്ഫോടക വസ്തുക്കൾ ഉൾപ്പടെ വഹിക്കാനാകും. മനുഷ്യന്റെ കമാൻഡ് അനുസരിച്ച് ശത്രുവിനെ ആക്രമിക്കാനുള്ള കഴിവ് ഇതിനുണ്ട്. ഇന്ത്യൻ NAViC സിസ്റ്റം ഉപയോഗിച്ച് ജിപിഎസ് ലഭ്യമല്ലാത്ത പ്രദേശങ്ങളിലും ഇവയ്‌ക്ക് പ്രവർത്തിക്കാനാകും.
എൻഎഎൽ ഡയറക്ടർ ഡോ. അഭയ് പാഷിൽക്കറാണ് കാമികസെ ഡ്രോണുകൾ വികസിപ്പിക്കുന്നതിനായി നേതൃത്വം നൽകുന്നത്. 21-ാം നൂറ്റാണ്ടിന്റെ യുദ്ധക്കോപ്പ് എന്നാണ് അദ്ദേഹം കാമികസെ വിശേഷിപ്പിച്ചത്.
കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചാണ് (CSIR) പദ്ധതി ആരംഭിക്കുന്നതിന് അംഗീകാരം നൽകിയത്. CSIR-NAL നോഡൽ ലബോറട്ടറിയായി പ്രവർത്തിച്ച് ഇന്ത്യയിലെ വിവിധ പ്രമുഖ എഞ്ചിനീയറിംഗ് ലാബുകളുടെയും വിദഗ്ധരുടെയും സഹകരണത്തോടെയാണ് ഈ സ്വദേശി കാമികസെ രാജ്യത്ത് അവതരിപ്പിച്ചത്.















