ന്യൂയോർക്ക്: ബംഗ്ലാദേശിൽ എത്രയും വേഗം ജനാധിപത്യപരമായ രീതിയിൽ എത്രയും വേഗം പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാവരേയും ഉൾക്കൊള്ളിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഇടക്കാല സർക്കാരിനോട് അദ്ദേഹം അഭ്യർത്ഥിച്ചു. സ്ത്രീകളേയും ന്യൂനപക്ഷ സമുദായ അംഗങ്ങളേയും ഇതിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
” ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തണം. അതിനായി പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തണം. ഇതിനായി ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായും” സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. രാജ്യത്തെ സ്ത്രീകളേയും യുവാക്കളേയും അതേപോലെ ന്യൂനപക്ഷ സമുദായ അംഗങ്ങളേയും ഈ പ്രക്രിയയിൽ ഉൾപ്പെടുത്തണം. രാജ്യത്ത് എത്രയും വേഗം പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്നും” അദ്ദേഹം അഭ്യർത്ഥിച്ചു.
ഈ മാസം അഞ്ചിന് ഷെയ്ഖ് ഹസീന രാജിവച്ചതിന് ശേഷവും ബംഗ്ലാദേശിൽ സ്ഥിതിഗതികളിൽ മാറ്റമുണ്ടായിരുന്നില്ല. സർക്കാർ ജോലികൾക്കായി സംവരണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം പിന്നീട് സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് അക്രമത്തിനിടെ കാണാതായ കുടുംബാംഗങ്ങളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർത്തിയ ഹിന്ദുക്കളും ബംഗ്ലാദേശ് സൈനികരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് താമസിക്കുന്ന ധാക്കയിലെ ജമുന സ്റ്റേറ്റ് ഗസ്റ്റ് ഹൗസിന് പുറത്താണ് അംഗങ്ങൾ പ്രതിഷേധിച്ചത്.















