ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ പോലെ കാണാമറയത്താണ് ജഗന്നാഥനും. ഗംഗാവലിപുഴയുടെ സമീപത്താണ് ജഗന്നാഥനും കുടുംബവും താമസിച്ചിരുന്നത്. കേരളത്തിൽ നിന്നുള്ള ലോറി ഡ്രൈവർമാർക്ക് പോലും പ്രിയങ്കരനായിരുന്ന ലക്ഷ്മണന്റെ ഭാര്യാ സഹോദരനും ചായക്കടയിലെ സഹായിയായിരുന്നു അദ്ദേഹം.
മരത്തെ പോലും മരവിപ്പിക്കുന്ന തരത്തിലായിരുന്നു ഉത്തര കന്നടയിൽ അന്ന് മഴ പെയ്തിരുന്നത്. മഴയത്ത് കടയിലേക്ക് പോകേണ്ട എന്ന് കുടുംബം പറഞ്ഞിട്ടും പകുതി കീറിയ തന്റെ ശീലകുടയുമായി ജഗന്നാഥൻ കടയിലേക്ക് ലക്ഷ്മണനെ സഹായിക്കാൻ പോവുകയായിരുന്നു. ദുരന്തത്തിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് ജഗന്നാഥന്റെ മക്കളിലൊരാൾ ഫോൺ വിളിച്ചപ്പോൾ കടയിൽ നല്ല തിരക്കുണ്ട് പിന്നെ വിളിക്കാമെന്നായിരുന്നു മറുപടി പറഞ്ഞത്. എന്നാൽ പിന്നീട് ആ ദുരന്ത വാർത്ത തങ്ങളെ തേടിയെത്തിയെന്ന് കുടുംബം പറയുന്നു.
പിതാവിന്റെയും അമ്മായിയുടെയും ഫോണിലേക്ക് മാറി മാറി വിളിച്ചു. എന്നാൽ ആരും ഫോൺ എടുത്തില്ല. ദുരന്തമുഖത്തേക്ക് ഓടിയെത്തിയപ്പോൾ മണ്ണ് മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് ജഗന്നാഥന്റെ പെൺമക്കളിലൊരാൾ തേങ്ങലോടെ പറഞ്ഞു.
മനീഷ, കൃതിക, പല്ലവി എന്നീ മൂന്ന് പെൺമക്കളാണ് ജഗന്നാഥനുള്ളത്. ബേബിയാണ് ഭാര്യ. മൃതദേഹമെങ്കിലും കർണാടക സർക്കാർ കണ്ടെത്തി തരണമെന്നാണ് ഇപ്പോൾ കുടുംബം ആവശ്യപ്പെടുന്നത്.















