തൃശൂർ: ശക്തന്റെ മണ്ണിൽ തൃശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ടിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ തവണ പൂരം നടത്തിപ്പിൽ വന്ന പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേരുന്ന പ്രത്യേക യോഗത്തിൽ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് സുഗമമായി വെടിക്കെട്ട് കാണുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ഉറക്കം ഒഴിച്ച് വെടിക്കെട്ട് കണ്ട് ആസ്വദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ഒരു തല്ല് പോലും ഉണ്ടാക്കാതെ എല്ലാവരും ഒരുമയോടെയാണ് പൂരം ആസ്വദിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ തവണ ഹിതമല്ലാത്ത കാര്യങ്ങൾ നടന്നു. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാനുള്ള കാര്യങ്ങൾ പരിശോധിക്കും.
സാങ്കേതികമായ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് പൂരം നടത്താനാണ് നീക്കം. കേന്ദ്രമന്ത്രി പീയുഷ് ഗോയലിനോട് കാര്യം ആവശ്യപ്പെട്ടപ്പോൾ പൂർണ സംഘത്തെ ഇങ്ങോട്ടേക്ക് അയച്ചു. പെസോ, എക്‌സ്‌പ്ലോസ് സംഘം പരിശോധന നടത്തി കാര്യങ്ങൾ വിലയിരുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ പൂരം മികച്ച രീതിയിൽ നടത്തുന്നതുമായി ബന്ധപ്പെട്ട യോഗം കളക്ടറേറ്റിൽ ആരംഭിച്ചു. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു എന്നിവർ ഓൺലൈനായി പങ്കെടുക്കും.