തൃശ്ശൂര്‍: പൂരത്തിന്റെ അടുക്കും ചിട്ടയും നശിപ്പിക്കുന്നത് വിഷയം അറിയാത്ത ഉദ്യോഗസ്ഥ പ്രമാണിമാരാണെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിളിച്ച ചേർത്ത യോഗത്തിന് മുന്നോടിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾക്ക് മുഴുവൻ അഭിമാനമാണ് തൃശൂർ പൂരം. ഇത്രയും കാലം വളരെ അടക്കും ചിട്ടയോടും കൂടി വളരെ പ്രൗഢി ആയാണ് പൂരം നടന്നു വന്നത്. ഏത് ഉദ്യോഗസ്ഥൻ വന്നാലും ജനപ്രതിനിധി വന്നാലും അതിനെല്ലാം കൃത്യമായ മാനദണ്ഡമുണ്ട്. ഉദ്യോഗസ്ഥ പ്രമാണിമാർ ഇടപെട്ട് എത്രയും വഷളാക്കാമോ അത്രയും വഷളാക്കി. പൂരം കാണാൻ എത്തുന്നവരോട് കിലോമീറ്റർമാറി നിന്ന് പൂരവും വെടിക്കെട്ടും കണ്ടോളൂ എന്ന് പറയുന്ന സാഹചര്യമാണ് ഉള്ളത്. വെടിക്കെട്ടിന്റെ ദൂരപരിധി 60 മീറ്ററായി നിശ്ചിക്കണം, അതുപോലെ ആനയുടെ അഞ്ച് മീറ്റർ അകലെ നിൽക്കണം എന്നതും പുതിയതായി കൊണ്ടു വന്ന നിയമമാണ് . ഇതെല്ലാം പഴയ രീതിയിലേക്ക് തന്നെ മാറണം. ഇവിടെ നടക്കുന്നത് ഉദ്യോഗസ്ഥരുടെ പ്രമാണിത്തമാണ്. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങൾ പൂരം നടത്തിക്കൊളും. അതിൽ ഉദ്യോഗസ്ഥർ ഇടപെടേണ്ട കാര്യമില്ല. പൂരം സുഗമമമായി നടത്താനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടത്. കഴിഞ്ഞ തവണ എസ്പി അങ്കിതിന്റെ സമീപനം എല്ലാവരും കണ്ടതാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ വലിയ പ്രതീക്ഷയുണ്ടെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു
തൃശൂർ കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ കേന്ദ്രപ്രതിനിധികളും ജില്ലയിലെ മന്ത്രിമാരും പെസോ ഉദ്യോഗസ്ഥരും ദേവസ്വം ഭാരവാഹികളുമടക്കം പങ്കെടുത്തു. തൃശ്ശൂർ പൂരം പഴയ ആചാര പെരുമയോടെ നടത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. വെടിക്കെട്ടിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ തവണ പൂരം നടത്തിപ്പിൽ വന്ന പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.















