കോട്ടയം : എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ക്ലാസ്മുറിയിൽ നിസ്കരിക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നിലപാടുമായി ദീപിക ദിനപത്രം രംഗത്ത്.
“വളച്ചുകെട്ടില്ലാതെ പറയാം; പൈങ്ങോട്ടൂരെന്നല്ല, കേരളത്തിലെ ഒരു കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനത്തിലും നിസ്കരിക്കാൻ മുറിയോ നിയമാനുസൃതമല്ലാത്ത സമയമോ അനുവദിക്കില്ല. പള്ളിയും പള്ളിക്കൂടവുമൊന്നും വഖഫ് ബോർഡിന്റെ വകയല്ലെന്ന്, നിസ്കാരത്തിന്റെ പേരിൽ സ്വന്തം സമുദായത്തെ തന്നെ അവഹേളിക്കുന്ന കുട്ടികളോടും അവരുടെ മാതാപിതാക്കളോടും വിവരമുള്ളവർ പറഞ്ഞുകൊടുക്കണം.”
ഓഗസ്റ് 14 നു പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ദീപിക ഉറച്ച നിലപാടെടുത്തത്.
“കെഇആർ (കേരള വിദ്യാഭ്യാസ ചട്ടം) പ്രകാരം പൊതുവിദ്യാലയങ്ങളിൽ സർക്കാർ അനുവദിച്ചുതന്നിട്ടുള്ള പ്രാർഥനാ സമയക്രമീകരണം വെള്ളിയാഴ്ചകളിൽ ഈ സ്കൂളിലും അനുവദിച്ചിട്ടുണ്ട്. അടുത്തുള്ള മോസ്കിൽ പോയി അതു നടത്താവുന്നതുമാണ്. എല്ലാ ദിവസവും ഇത് അനുവദിക്കാനാവില്ലെന്ന സ്കൂൾ മാനേജ്മെന്റിന്റെ നിലപാട് അംഗീകരിക്കുകയാണു വേണ്ടത്.’ ദീപികയുടെ എഡിറ്റോറിയൽ തുടരുന്നു.
“മറ്റൊരു മതത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്ന വിദ്യാലയത്തിൽ തങ്ങൾക്ക് അന്പലമോ പള്ളിയോ പ്രാർഥനാസൗകര്യമോ സമയമോ അനുവദിക്കണമെന്നു ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ആവശ്യപ്പെടാത്ത ഒരു രാജ്യത്ത് ഇങ്ങനെ ഒരു മതത്തിൽപ്പെട്ടവർ മാത്രം പെരുമാറുന്നത് എന്തുകൊണ്ടാണ്? മതമൗലികവാദമല്ലേ ഇത്? ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമല്ലെന്നും ശരിയത്തല്ല, ജനാധിപത്യ-മതേതര ഭരണഘടനയാണ് ഇവിടെയുള്ളതെന്നും ഈ കുട്ടികളോട് ആരു പറഞ്ഞുകൊടുക്കും? വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്കരിക്കുന്നതിനെക്കുറിച്ച് തീവ്രചിന്താഗതിയുള്ള മതനേതാക്കൾ സമൂഹമാധ്യമങ്ങളിൽ ഇട്ടിരിക്കുന്ന വീഡിയോകൾ കണ്ടു പഠിച്ചിട്ടാണ് സ്ഥല-കാല ബോധമില്ലാതെ കുട്ടികൾ വിദ്യാലയങ്ങളിലേക്കു വരുന്നത്.”
ദീപിക ആരോപിക്കുന്നു.
ഇത് കൂടാതെ മുഖപ്രസംഗത്തിലെ കാതലായ ഭാഗം പ്രത്യേക കാർഡായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മൂവാറ്റുപുഴ നിർമ്മല കോളേജിലും പൈങ്ങോട്ടൂർ സ്ക്കൂളിലും അനധികൃതമായി നിസ്കരിക്കാൻ ചിലർ നടത്തിയ ഗൂഢ ശ്രമങ്ങൾ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കത്തോലിക്കാ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എക്കാലത്തെയും നിലപാട് നിയമാനുസൃതവും വ്യക്തവും സുതാര്യവുമാണ്. കെഇആര്‍. (കേരള വിദ്യാഭ്യാസ ചട്ടം) പ്രകാരം പൊതുവിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ അനുവദിച്ചു തന്നിട്ടുള്ള ആരാധനാ സമയ ക്രമീകരണം വെള്ളിയാഴ്ചകളില്‍ ഈ സ്കൂളിലും അനുവദിച്ചിട്ടുണ്ട്. അതനുസരിച്ച് വെള്ളിയാഴ്ച അടുത്തുള്ള മോസ്കിൽ പോയി പ്രാർഥനാകർമങ്ങൾ അനുഷ്ഠിക്കാൻ അവസരം നല്കിയിട്ടുള്ളതാണ്. ഇതിനു പുറമേ നിസ്കാരത്തിനായി എല്ലാ ദിവസവും സമയം ആവശ്യപ്പെടുന്നത് നിയമാനുസൃതമല്ലാത്തതിനാല്‍ അനുവദിക്കാനാവില്ലെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ദീപ്തി റോസ് അറിയിച്ചു .
ഈ പ്രദേശത്തെ മതസൗഹാര്‍ദം തകര്‍ക്കുന്നതിനും മതാന്ധത വളര്‍ത്തുന്നതിനും കാരണമായേക്കാവുന്ന ആവശ്യങ്ങള്‍ മതേതര ചിന്താഗതിയുള്ള ഇന്നാട്ടിലെ ജനങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുമെന്നും സ്കൂള്‍ മാനേജ്മെന്റിന്റെ നിലപാടിന് പൂര്‍ണ പിന്തുണ അറിയിച്ച പിടിഎ ഭാരവാഹികള്‍ പറഞ്ഞു.















