വൈവിധ്യമാർന്ന നിരവധി ജീവജാലങ്ങളാണ് പ്രകൃതിയിലുള്ളത്. വന്യമൃഗങ്ങളും, പക്ഷികളും, ചെറുപ്രാണികളുമായി അറിയുന്നതും അറിയാത്തതുമായ നിരവധി ജീവജാലങ്ങളെ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ വയനാട്ടിൽ നിന്ന് അപൂർവയിനം ചിത്രശലഭത്തെയാണ് ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.
വയനാട്ടിലെ കാട്ടിക്കുളത്താണ് അപൂർവയിനം നിശാശലഭത്തെ കണ്ടെത്തിയത്. നാഗശലഭം, സർപ്പശലഭം എന്നിങ്ങനെ അറിയപ്പെടുന്ന നിശാശലഭമാണിതെന്ന് ഗവേഷകർ പറഞ്ഞു. ‘അറ്റ്‌ലസ്’ എന്നാണ് കണ്ടെത്തിരിക്കുന്ന ചിത്രശലഭത്തിന് പേരിട്ടിരിക്കുന്നത്.
ഏറ്റവും വലിയ ചിത്രശലഭങ്ങളിലൊന്നായ ഇവയ്‌ക്ക് ഇരുചിറകുകളുടെ അഗ്രഭാഗത്തും പാമ്പിന്റെ തലയ്‌ക്ക് സമാനമായ കൂർത്ത ഭാഗമാണുള്ളത്. അതിനാലാണ് ഇവയ്‌ക്ക് നാഗശലഭം എന്ന പേര് വന്നത്. ഇരുചിറകുകളും വിടർത്തുമ്പോൾ ഏകദേശം 240 മില്ലിമീറ്ററോളം നീളമുണ്ടെന്നും ഗവേഷകർ പറഞ്ഞു.
ചുവപ്പ് കലർന്ന തവിട്ട് നിറമാണ് കണ്ടെത്തിയ നാഗശലഭത്തിനുള്ളത്. ഇതിൽ ത്രികോണാകൃതിയിലുള്ള രൂപങ്ങളുമുണ്ട്. കൂടുതൽ പഠനങ്ങൾക്കായി ഇവയെ കാലിക്കറ്റ് സർവകലാശാലയിലെ ജന്തുവിഭാഗത്തിന് കൈമാറാനാണ് തീരുമാനം.