എറണാകുളം: വടകര കാഫീർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ അന്വേഷണം ഇടത് സൈബർ ഗ്രൂപ്പുകളിൽ എത്തിയതോടെ സിപിഎം പ്രതിരോധത്തിൽ. പോരാളി ഷാജി അടക്കമുള്ള പേജുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതിനിടെ പോരാളി ഷാജിക്ക് പിന്നിൽ വഹാബ് എന്നയാളെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വഹാബിന്‍റെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത് ശാസ്ത്രീയ പരിശോധനയ്‌ക്കായി അയച്ചതായും പൊലീസ് കോടതിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് റെഡ് എൻകൗണ്ടേഴ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ്. എന്നാൽ ഈ പേജിന്റെ അഡ്മിനും വടകര ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായ റിമേഷ് രാമകൃഷ്ണന് ഈ പോസ്റ്റ് എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിന് തലേദിവസമാണ് സ്ക്രീൻ ഷോട്ട് പ്രത്യക്ഷപ്പെട്ടത്. എംഎസ്എഫ് നേതാവായ മുഹമ്മദ് കാസിമിന്റെ പേരിലാണ് സ്ക്രീൻ ഷോട്ട് പുറത്ത് വന്നത്. എന്നാൽ ആ ഘട്ടത്തിൽ കോൺഗ്രസും മുസ്ലീംലീഗും സംഭവം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ വടകര ഡിവൈഎസ്പിക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനാൽ മുഹമ്മദ് കാസിം ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിയിൽ പൊലീസിനോട് റിപ്പോർട്ട് തേടിയപ്പോഴാണ് ഇത്തരം വിവരങ്ങൾ പുറത്ത് വന്നത്.
പോസ്റ്റ് നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത് ഇടത് സൈബർ ഹാൻഡിലുകളാണെന്ന് വിവരമാണ് പൊലീസ് കോടതിയെ അറിയിച്ചത്. അമ്പാടിമുക്ക് സഖാക്കൾ എന്ന പേജിൽ നിന്നാണ് പോസ്റ്റ് പൊതുജനങ്ങൾക്കിടയിൽ എത്തിയത്. അമ്പാടിമുക്ക് സഖാവിന്റെ അഡ്മിനായ മനീഷിന് പോസ്റ്റ് കിട്ടിയത് റെഡ് ബറ്റാലിയൻ സിപിഎം അനുകൂല പേജിൽ നിന്നാണെന്ന് പൊലീസിന് മൊഴി നൽകി.