ധാക്ക: ബംഗ്ലാദേശ് സ്ഥാപകനായ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലപാതകത്തെ അനുസ്മരിച്ച് ആഗസ്റ്റ് 15-ന് രാജ്യത്തുണ്ടായിരുന്ന ദേശീയ അവധി ബംഗ്ലാദേശ് ഇടക്കാല സർക്കാർ റദ്ദാക്കി .സ്ഥാനഭ്രഷ്ടയാക്കിയ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടെ പിതാവാണ് ഷെയ്ഖ് മുജീബുർ റഹ്മാൻ. ആഗസ്ത് 15ലെ അവധി റദ്ദാക്കുന്നതിന് കഴിഞ്ഞ ഉപദേശക സമിതി യോഗത്തിൽ അംഗീകാരം ലഭിച്ചതായി മുഖ്യ ഉപദേഷ്ടാവിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
അവാമി ലീഗ് ഒഴികെയുള്ള വിവിധ രാഷ്‌ട്രീയ പാർട്ടികളുമായി യൂനുസ് കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് തീരുമാനമെന്ന് റിപ്പോർട്ട് ഉണ്ട് . അവരിൽ ചിലർ ഈ ദിവസം ദേശീയ അവധിയായി ആചരിക്കുന്നതിനെ അനുകൂലിക്കുകയും മറ്റു ചിലർ എതിർക്കുകയും ചെയ്തു.
ഹസീന രാജിവെച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ, രോഷാകുലരായ ജനക്കൂട്ടം ബംഗബന്ധുവിന്റെ പേരിലുള്ള ഒരു മ്യൂസിയത്തിൽ തീയിട്ടു. 1975 ഓഗസ്റ്റ് 15-ന് ഒരു കൂട്ടം ജൂനിയർ ഓഫീസർമാർ നടത്തിയ സൈനിക അട്ടിമറി സമയത്ത് ബംഗ്ബന്ധുവിന്റെ സ്വകാര്യ വസതിയായിരുന്നു മ്യൂസിയം. അവിടെ വെച്ചാണ് അദ്ദേഹം കുടുംബാംഗങ്ങൾക്കൊപ്പം കൊല്ലപ്പെട്ടത് .
കൊലയാളികൾ ബംഗബന്ധുവിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ ബംഗമത ഷെയ്ഖ് ഫാസിലതുൻ നേഷാ മുജീബിനെയും കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ മൂത്ത മകൻ ഷെയ്ഖ് കമാൽ, അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ ഷെയ്ഖ് ജമാൽ, മരുമക്കൾ, സുൽത്താന കമാൽ, പർവീൺ ജമാൽ റോസി; അവരുടെ ഇളയ മകൻ പത്തു വയസ്സുള്ള ഷെയ്ഖ് റസ്സൽ, ബംഗബന്ധുവിന്റെ ഇളയ സഹോദരൻ ഷെയ്ഖ് അബു നാസർ; അദ്ദേഹത്തിന്റെ അനന്തരവൻ ഷെയ്ഖ് ഫസലുൽ ഹഖ് മോനിയും ഗർഭിണിയായ ഭാര്യ ബീഗം അർജു മോനിയും; അദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ അബ്ദുറബ് സെർനിയാബത്ത്, സെർനിയാബത്തിന്റെ മകൾ ബേബി, മകൻ ആരിഫ് സെർനിയാബത്ത്, ചെറുമകൻ സുകാന്ത അബ്ദുല്ല ബാബു, മരുമകൻ ഷഹീദ് സെർനിയാബത്ത്; അമീർ ഹുസൈൻ ആമുവിന്റെ ബന്ധുവായ അബ്ദുൾ നയീം ഖാൻ റിൻ്റു എന്നീ ബന്ധുക്കളെയും കൊലപ്പെടുത്തി.
ബംഗബന്ധുവിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസർ കേണൽ ജമീൽ ഉദ്ദീൻ അഹ്മദ്, ബംഗബന്ധുവിന്റെ വസതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ സിദ്ദിക്കുർ റഹ്മാൻ എന്നിവരും കൊല്ലപ്പെട്ടു.
ബംഗബന്ധുവിന്റെ രണ്ട് പെൺമക്കളായ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഷെയ്ഖ് രഹനയും അക്കാലത്ത് ജർമ്മനിയിലായിരുന്നതിനാൽ രക്ഷപ്പെട്ടു.