തൃശൂർ: കെട്ടിടത്തിൽ നിന്നും ചില്ല് തലയിൽ വീണ് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. തൃശൂർ മണികണ്ഠനാലിന് സമീപത്ത് പ്രവർത്തിക്കുന്ന കടയുടെ മുകൾ നിലയിൽ നിന്നാണ് ഗ്ലാസ് വീണത്. സംഭവത്തിൽ ഇരിഞ്ഞാലക്കുട സ്വദേശി ഗോപാലകൃഷ്ണനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
നടപ്പാതയിലൂടെ പോവുകയായിരുന്ന ഗോപാലകൃഷ്ണന്റെ തലയിലേക്ക്, ഇളകി നിന്നിരുന്ന ചില്ല് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനായി തൃശൂരിലെത്തിയതായിരുന്നു ഗോപാലകൃഷ്ണൻ.
അപകടത്തെ തുടർന്ന് കെട്ടിടത്തിന്റെ താഴ്ഭാഗത്ത് പ്രവർത്തിക്കുന്ന കടകൾ താത്കാലികമായി അടച്ചിടുന്നതിനും ചില്ലുകൾ മാറ്റുന്നതിനും അധികൃതർ നിർദേശം നൽകി. കാലപ്പഴക്കമുള്ള കെട്ടിടത്തിൽ നിന്നാണ് ചില്ല് താഴേക്ക് വീണത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ റൗണ്ടിലെ എല്ലാ സ്ഥാപനങ്ങളിലും നാളെ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.















