തിരുവനന്തപുരം: ചാക്കയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് കണ്ടെത്തി. തിരുനെൽവേലി സ്വദേശി ഉമർ (23)നെയാണ് സ്വർണം പൊട്ടിക്കൽ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ യുവാവിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്ത് നിന്നും യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. വിദേശത്ത് നിന്നും വന്ന ആളുടെ പക്കൽ നിന്നും സ്വർണം വാങ്ങാനെത്തിയതായിരുന്നു ഉമർ. ഇയാളെ കണ്ടിറങ്ങിയതിന് പിന്നാലെ ഓട്ടോ വിളിച്ച് പോയ ഉമറിനെ പിന്തുടർന്നെത്തിയ അക്രമികൾ വാഹനം തടഞ്ഞുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാൽ യുവാവിന്റെ പക്കൽ സ്വർണമില്ലെന്ന് മനസിലായതോടെ ഇയാളെ വിട്ടയക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഓട്ടോ ഡ്രൈവറാണ് ഉമറിനെ തട്ടിക്കൊണ്ടുപോയ വിവരം പൊലീസിനെ അറിയിച്ചത്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമികൾക്കായുള്ള തെരച്ചിൽ നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.















