ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയിൽ ഐക്യരാഷ്‌ട്ര സഭയുടെ ഇടപെടൽ ആവശ്യപ്പെട്ട് സാംസ്‌കാരിക പ്രവർത്തകർ. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അന്വേഷിക്കാൻ വസ്തുത അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന് പ്രജ്ഞാ പ്രവഹിന്റെ നേതൃത്വത്തിൽ സാംസ്‌കാരിക പ്രവർത്തകർ ഐക്യരാഷ്‌ട്രസഭക്ക് അപേക്ഷ നൽകി.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അന്വേഷിക്കാൻ അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന് അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകം മുഴുവനുള്ള മനുഷ്യാവകാശ സംരക്ഷണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഈ വിഷയത്തിൽ ഇടപെടണമെന്നും അപേക്ഷയിൽ പറയുന്നു. പീഡനം നേരിട്ടവർക്ക് അന്താരാഷ്‌ട്ര പിന്തുണയും, പുനരധിവാസ മാർഗവും കണ്ടെത്തണമെന്നും സാംസ്‌കാരിക പ്രവർത്തകർ ആവശ്യപ്പെട്ടു .
കഴിഞ്ഞ ദിവസങ്ങളിൽ ബംഗ്ലാദേശിൽ സർക്കാരിനെതിരെയുള്ള കലാപത്തിന്റെ മറവിൽ ഹിന്ദുക്കൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. നിരവധി ക്ഷേത്രങ്ങൾ തകർത്തു. തൊഴിൽ സംവരണത്തിനെതിരെ വിദ്യാർഥികൾ ആരംഭിച്ച പ്രതിഷേധമാണ് പിന്നീട് ജമാഅത്തെ ഇസ്ലാമിയും അതിന്റെ വിദ്യാർത്ഥി സംഘടനയായ ഇസ്ലാമി ഛത്ര ഷിബിറും ഏറ്റെടുത്ത് നൂറ് കണക്കിന് ആളുകളെ കൊലപ്പെടുത്തിയ കലാപമായി മാറിയത്.