ന്യൂഡൽഹി: ഗുസ്തിതാരം വിനേഷ് ഫോഗാട്ടിന്റെ അപ്പീൽ തള്ളിയ കായിക കോടതി വിധിക്കെതിരെ വീണ്ടും അപ്പീൽ നൽകുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA). പാരിസ് ഒളിമ്പിക്സിൽ ഫൈനലിലേക്ക് യോഗ്യത നേടിയ ശേഷമാണ് ശരീരഭാരത്തിൽ നേരിയ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് വിനീഷിനെ അയോഗ്യയാക്കിയത്. ഇതിനെതിരെ വിനേഷിന് വെള്ളി മെഡലിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ അപ്പീൽ നൽകിയിരുന്നത്. എന്നാൽ കേവലം ഒറ്റ വാക്യമുള്ള വിധിയിലൂടെ അപ്പീൽ തള്ളുകയായിരുന്നു കായിക കോടതി.
പാരിസ് ഒളിമ്പിക്സിന്റെ അവസാന ദിവസംവരെ ഇന്ത്യ അപ്പീലിൽ പ്രതീക്ഷയർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി അപ്പീൽ തള്ളുന്നതായുള്ള ഒറ്റ വരിയിലുള്ള വിധി പുറത്തുവന്നത്. ഇതിനെതിരെ സ്വിസ് ഫെഡറൽ ട്രൈബ്യൂണലിൽ അപ്പീൽ നൽകാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചതായി അസോസിയേഷന്റെ ഔദ്യോഗിക അഭിഭാഷകനായ വിദുഷ്പത് സിംഘാനിയ അറിയിച്ചു. നിലവിൽ വന്നത് ഒറ്റ വരിയിലുള്ള വിധിയാണെന്നും അപ്പീൽ തള്ളിയതിനും വിധി വൈകിപ്പിച്ചതിനും കാരണം വ്യക്തമാക്കിയിട്ടില്ലെന്നും സിംഘാനിയ ചൂണ്ടിക്കാട്ടി.
15 ദിവസത്തിനുള്ളിൽ കായിക കോടതിയുടെ വിശദമായ വിധി വരുമെന്നും ഇത് ലഭ്യമായി 30 ദിവസത്തിനുള്ളിൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു.















