ഇന്ത്യ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, രവീന്ദ്രനാഥ ടാഗോർ സ്വന്തം കൈപ്പടയിൽ എഴുതിയ ദേശീയഗാനം പങ്കുവെച്ച് നോബൽ കമ്മിറ്റി. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ‘ജനഗണമന’യുടെ ഇംഗ്ലീഷ് വിവർത്തനം പങ്കുവെച്ചത്. 1913-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കവി രവീന്ദ്രനാഥ ടാഗോർ ബംഗാളിയിൽ രചിച്ച ‘ജനഗണമന’ ഇന്ത്യയുടെ ദേശീയഗാനമാണ്, നോബൽ കമ്മിറ്റി കുറിച്ചു.
അതിമനോഹരമായ കൈപ്പടയിൽ കഴ്സീവ് സ്റ്റൈലിലാണ് ടാഗോറിന്‍റെ എഴുത്ത്. 1950 ജനുവരിയിലാണ് ‘ജനഗണമന ഇന്ത്യൻ ഭരണഘടന ദേശീയ ഗാനമായി അംഗീകരിച്ചത്. സ്വാതന്ത്ര്യ സമര ഭടന്‍മാര്‍ക്ക് ഉണർവകിയ കവിതയായിരുന്നു ടാഗോറിന്‍റെ ജനഗണമന. 1912 ജനുവരിയില്‍ തത്വബോധി എന്ന പത്രികയിലാണ് ഭാരോതോ ഭാഗ്യോ ബിധാത’ എന്ന ശീര്‍ഷകത്തില്‍ ഈ ഗാനം ആദ്യം പ്രസിദ്ധീകൃതമായത്. തത്വബോധിനി പത്രികയുടെ പത്രാധിപര്‍ കൂടിയായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. ‘ഭാരോതോ ഭാഗ്യോ ബിധാത’ എന്നത് ദി മോർണിംഗ് സോംഗ് ഓഫ് ഇന്ത്യ’ എന്ന തലക്കെട്ടിലാണ് ടാഗോർ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത്.
1910ലാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്ത കാവ്യ സമാഹരമായ ഗീതാഞ്ജലി പുറത്തിറങ്ങിയത്. 1912ല്‍ ടാഗോര്‍ തന്നെ ഗീതാഞ്ജലി ഇംഗ്ളീഷിലേയ്‌ക്ക് പരിഭാഷപ്പെടുത്തി. ആ ലോകോത്തര പരിഭാഷയ്‌ക്ക് അദ്ദേഹത്തിന് 1913ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.















