കൊൽക്കത്ത: ആർജി കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ക്രൂരമായി കൊലചെയ്യപ്പെട്ടതിനുപിന്നാലെ പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരെ അക്രമമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. അക്രമികൾക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിനും രാജ്യത്തിനും ഒരുപോലെ അപമാനകരമായ സംഭവമാണ് ഉണ്ടായതെന്നും പ്രതിഷേധക്കാർക്കെതിരായ ആക്രമണ സംഭവങ്ങളിൽ പ്രതികരിച്ചുകൊണ്ട് ഗവർണർ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവത്തിൽ അക്രമി സംഘം മെഡിക്കൽ കോളേജിന്റെ ഒരുഭാഗം അടിച്ചുതകർക്കുകയും പ്രതിഷേധക്കാർ സമരം ചെയ്യുകയായിരുന്ന സമരപന്തൽ പൊളിക്കുകയും ചെയ്തു. എതിർത്തവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു.
കൊലപാതകത്തിനും അക്രമസംഭവങ്ങൾക്കും പിന്നാലെ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർത്ഥികൾ ഗവർണറെ കണ്ടിരുന്നു. തങ്ങളുടെ തൊഴിൽ സാഹചര്യങ്ങളിൽ സുരക്ഷിതരല്ലെന്ന് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചു. ഇതിനെത്തുടർന്നാണ് ഡോക്ടർമാർക്ക് ഗവർണർ സഹായം വാഗ്ദാനം ചെയ്തത്. തന്റെ പിന്തുണ ഡോക്ടർമാർക്കൊപ്പമുണ്ടെന്നും ഒരുമിച്ച് നീതിക്കായി പോരാടുമെന്നും അദ്ദേഹം തന്നെ കണ്ട 20 അംഗ ഡോക്ടർമാരുടെ സംഘത്തിന് ഉറപ്പ് നൽകി. തങ്ങളെ അക്രമിക്കാനെത്തിയവർ വനിതാ ഡോക്ടറുടെ കൊലപാതകത്തിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാർ ഗവർണർക്ക് മുന്നിൽ ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം, കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.
കഴിഞ്ഞ ദിവസം രാത്രി ബംഗാളിലെ തെരുവുകളിൽ സ്ത്രീകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് പ്രതിഷേധക്കാർ അണിനിരന്നു. ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷാ ആവശ്യപ്പെട്ട് പ്രതിഷേധ റാലികൾ സംഘടിപ്പിക്കപ്പെട്ടു. ആശുപത്രി അധികൃതരുടെയും പൊലീസുകാരുടെയും അനാസ്ഥ ആരോപിച്ച് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളുടെ ഹർജി പരിഗണിച്ച കൽക്കട്ട ഹൈക്കോടതി കേസ് അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടിരുന്നു.