ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ. നാളെ വൈകുന്നേരം 3 മണിക്കാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്. 2022 ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചിത്രങ്ങളാണ് ഇക്കുറി അവാർഡിനായി പരിഗണിച്ചിരിക്കുന്നത്.
ഡൽഹിയിലെ ദേശീയ മാധ്യമ സെന്ററിൽ പ്രഖ്യാപനങ്ങൾ നടക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. മികച്ച ചിത്രം, ഫീച്ചർ ഫിലിം, നോൺ ഫീച്ചർ ഫിലിം, മികച്ച തിരക്കഥ, ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട അവാർഡുകൾ നാളെ പ്രഖ്യാപിക്കും. കൂടാതെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരങ്ങളും ആർക്കൊക്കെ ലഭിക്കുമെന്ന് നാളെ അറിയാം.
100 ൽ അധികം ചിത്രങ്ങളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യകതമാക്കുന്നു. ഇത് സംബന്ധിച്ചുള്ള ജൂറിയുടെ യോഗങ്ങൾ അടക്കം പൂർത്തിയായി നിലവിൽ പുരസ്‌കാര പട്ടിക കൈമാറിയതായാണ് വിവരം.അതേസമയം, 2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനവും നാളെ മൂന്ന് മണിക്കാണ് നടക്കുന്നത്.















