ന്യൂഡൽഹി: ചെങ്കോട്ടയിൽ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അതിഥികളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്തത് 400 ഓളം പഞ്ചായത്ത് പ്രതിനിധികൾ. ഗ്രാമീണ മേഖലയിലെ ഭരണതലത്തിൽ താഴെത്തട്ടുമുതലുള്ളവരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്ത് പ്രതിനിധികൾ വരെ സർക്കാർ അതിഥികളായി ഡൽഹിയിലെ ആഘോഷത്തിൽ പങ്കുചേരാൻ എത്തിയത്.
ഇന്ത്യയുടെ പുരോഗതിയിലും സമൃദ്ധിയിലും പ്രാദേശിക ഭരണകൂടങ്ങളുടെ നിർണായക പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തത്. രാജ്യത്തെ വിവിധ കോണുകളിൽ നിന്നും പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞെത്തിയ പഞ്ചായത്ത് പ്രതിനിധികൾ ഇത്തവണത്തെ ആഘോഷങ്ങളിൽ വേറിട്ട കാഴ്ചയായിരുന്നു.
പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളെ ആദരിക്കുന്നതിന്റെ ഭാഗമായി വനിതാ ജനപ്രതിനിധികളെയും കേന്ദ്രസർക്കാർ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു. പ്രത്യേക അതിഥികളായിട്ടായിരുന്നു ഇവരെ ക്ഷണിച്ചത്.
ഡൽഹിയിലെ അംബേദ്ക്കർ ഇന്റർനാഷണൽ സെന്ററിൽ പഞ്ചായത്തീരാജ് മന്ത്രാലയം ഇവർക്കായി തകഴിഞ്ഞ ദിവസം അനുമോദന സമ്മേളനവും സംഘടിപ്പിച്ചിരുന്നു. ഗ്രാമീണ മേഖലയിലൂടെ ഇന്ത്യയുടെ വികസനത്തിൽ ഇവർ വഹിക്കുന്ന പങ്ക് കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രി രാജീവ് രഞ്ജൻ സിംഗും സഹമന്ത്രി പ്രൊഫ. എസ്പിഎസ് ബാഗേലും ഇവരുമായി പങ്കുവെച്ചു.















