ഷിരൂർ: ജൂലൈ 16! മരത്തെ പോലും മരവിപ്പിക്കുന്ന വിധം കോരിച്ചൊരിയുന്ന മഴയായിരുന്നു അന്നുണ്ടായിരുന്നത്. അപ്രതീക്ഷിതമായാണ് അന്നേ ദിവസം ആ ദുരന്തം സംഭവിച്ചത്. ഉത്തര കന്നടയിലെ അങ്കോല ദേശീയപാതയിൽ മണ്ണിടിച്ചിൽ നടന്ന വിവരം കേരളത്തിലും ചൂടേറിയ വാർത്തയായി. മണ്ണിടിച്ചിലിൽ കാണാതായവരുടെ കൂട്ടത്തിൽ ഒരു മലയാളിയുമുണ്ടെന്ന കാര്യമാണ് പിന്നീട് കേരളത്തെ വേദനിപ്പിച്ചത്. മണ്ണിടിച്ചിലിൽപെട്ട് കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരു മാസം പിന്നിടുന്നു.
അർജുനെ കാണാതായി നാല് ദിവസങ്ങൾ പിന്നിടുമ്പോഴാണ് തെരച്ചിൽ കർണാടക സർക്കാർ ഊർജിതമാക്കിയത്. ഒരു മാസം പിന്നിടുമ്പോഴും അർജുനെയോ അർജുന്റെ ലോറിയോ കണ്ടെത്താനായില്ല. ഗംഗാവലി പുഴയിലേക്ക് നീണ്ട തെരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിക്കും. ഗോവയിൽ നിന്നും ഡ്രഡ്ജർ എത്തിച്ചായിരിക്കും തെരച്ചിൽ നടത്തുക. ലോറിയുടെ കയർ ലഭിച്ച ഭാഗത്തായി രാവിലെ ഒൻപത് മണിയോടെ തെരച്ചിൽ നടത്തുമെന്ന് ഈശ്വർ മാൽപെയും സംഘവും അറിയിച്ചിരുന്നു.
എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവരും തെരച്ചിലിന്റെ ഭാഗമാകും. അനുമതി ലഭിച്ചാൽ നേവിയും തെരച്ചിലിനായി ഇറങ്ങും. അർജുന് പുറമെ ഉത്തര കന്നട സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെയും കണ്ടെത്താനുണ്ട്.















