ധാക്ക: നയതന്ത്ര മേഖലയിലും ഇടപെടലുകൾ നടത്തി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ നിശ്ചയിച്ച ഏഴ് നയതന്ത്ര ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ തിരിച്ച് വിളിച്ചിരിക്കുന്നത്. യുഎസ്, റഷ്യ, സൗദി അറേബ്യ, ജപ്പാൻ, ജർമ്മനി, യുഎഇ, മാലദ്വീപ് എന്നീ രാജ്യങ്ങളിലുള്ള ബംഗ്ലാദേശിന്റെ നയതന്ത്ര പ്രതിനിധികൾ എത്രയും വേഗം ധാക്കയിലേക്ക് മടങ്ങി എത്തണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
ഈ മാസം എട്ടിന് ഇടക്കാല സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നടപ്പാക്കാൻ ആരംഭിച്ച ഭരണപരിഷ്‌കാരങ്ങളുടെ തുടർച്ചയായാണ് നീക്കം. അംബാസഡർമാരായ മുഹമ്മദ് ഇമ്രാൻ (വാഷിംഗ്ടൺ), കമറുൾ ഹസൻ (മോസ്‌കോ), ജാവേദ് പട്വാരി (റിയാദ്), ഷഹാബുദ്ദീൻ അഹമ്മദ് (ടോക്കിയോ),മുഷറഫ് ഹുസൈൻ ഭുയാൻ (ബെർലിൻ), അബു സഫർ(അബുദാബി), ഹൈക്കമ്മീഷണറായ റിയർ അഡ്മിറൽ എസ്എം അബുൽ കലാം ആസാദ് (മാലദ്വീപ്) എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
കരാർ അടിസ്ഥാനത്തിലാണ് മുൻ അവാമി ലീഗ് സർക്കാർ ഇവർക്ക് നിയമനം നൽകിയിരുന്നത്. ഏഴ് അംബാസഡർമാർക്ക് പുറമെ താഴ്ന്ന റാങ്കിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരേയും തിരിച്ചുവിളിച്ചിട്ടുണ്ട്. ഇവരോടും ധാക്കയിലേക്ക് എത്രയും വേഗം എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് എടുക്കുമെന്നാണ് ഇടക്കാല സർക്കാരിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.















