ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ജമ്മുകശ്മീർ, ഝാർഖണ്ഡ്, ഹരിയാണ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളായിരിക്കും വൈകിട്ട് മൂന്നുമണിക്ക് വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുക. എന്നാൽ ഏതൊക്കെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതിയും ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകളുണ്ട്. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും രാഹുൽ ഉപേക്ഷിച്ച വയനാടിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഹരിയാണ സർക്കാരിന്റെ കാലാവധി നവംബർ മൂന്നിനാണ് അവസാനിക്കുന്നത്. മഹാരാഷ്‌ട്രയിലെ നിലവിലുള്ള സർക്കാരിന്റെ കാലാവധി നവംബർ 26-ന് പൂർത്തിയാകും. ഹരിയാണയിൽ 90 മണ്ഡലങ്ങളിലും മഹാരാഷ്‌ട്രയിൽ 288 നിയമസഭാ സീറ്റുകളിലേക്കുമാണ് മത്സരം.
2015 ലാണ് ജമ്മുകശ്മീരിൽ അവസാനമായി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. സെപ്തംബർ 30നകം ഇവിടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. അതിനാൽ ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ കമ്മീഷൻ മുമ്പ് തന്നെ ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ കമ്മീഷൻ അടുത്തിടെ ജമ്മു കശ്മീർ സന്ദർശിച്ചിരുന്നു.















