ധാക്ക : ബംഗ ബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മാരകത്തിൽ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനത്തിൽ എത്തിയ ആളുകളെ അക്രമികൾ തല്ലി ഓടിച്ചു.
ഷെയ്ഖ് മുജീബുർ റഹ്മാനും അദ്ദേഹത്തിന്റെ കുടുംബവും മറ്റ് അംഗങ്ങളും 1975 ആഗസ്റ്റ് 15 ന് സൈനിക അട്ടിമറിക്കിടെ കൊല്ലപ്പെട്ടതിന്റെ വാർഷികത്തോടനുബന്ധിച്ച് അവാമി ലീഗ് പാർട്ടിയുടെ അനുയായികൾ വ്യാഴാഴ്ച മുജീബുർ റഹ്മാന്റെ സ്മാരകത്തിൽ ഒത്തു കൂടാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ അവിടെ സംഘടിച്ച സായുധരായ ജനക്കൂട്ടം മുളവടികൾ, ഇരുമ്പ് വടികൾ, പൈപ്പുകൾ എന്നിവയുമായി ഷെയ്ഖ് ഹസീനയുടെ അനുയായികളെ ആക്രമിക്കുകയും ബംഗ ബന്ധു സ്മാരകത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്തു.
ബംഗ്ലാദേശിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നതെന്ന് പ്രചരിപ്പിക്കപ്പെടുന്ന “വിപ്ലവം” സംരക്ഷിക്കുമെന്ന് അക്രമികൾ പ്രതിജ്ഞയെടുക്കുന്നുണ്ടായിരുന്നു..
ബംഗ ബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലപാതകത്തിന്റെ സ്മരണാർത്ഥം ആഗസ്റ്റ് 15 ന് ദേശീയ വിലാപ ദിനമായി ആചരിച്ചു വരികയായിരുന്നു. എന്നാൽ ഹസീനയുടെ പതനത്തെ തുടർന്ന് ചുമതലയേറ്റ നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഓഗസ്റ്റ് 15 ദേശീയ അവധി റദ്ദാക്കി .
മുജീബ് അനുസ്മരണത്തിന്റെ പേരിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിച്ചേക്കാമെന്നതിനാലാണ് ഹസീനയെ പിന്തുണയ്‌ക്കുന്നവരുടെ ഒത്തുചേരൽ നടത്താൻ സമ്മതിക്കാത്തത് എന്ന് ഹസീനയുടെ എതിരാളികൾ പറഞ്ഞു. ജനക്കൂട്ടം രാത്രിയിൽ മ്യൂസിയത്തിന് പുറത്ത് ഉച്ചഭാഷിണികളിൽ പാട്ടുകൾ കേൾക്കുകയും നൃത്തം ചെയ്യുകയും ചെയ്തു.
തുടർന്ന് അവിടെ എത്തിച്ചേർന്നവരിൽ അവാമി ലീഗ് അനുഭാവികളെന്ന് സംശയിക്കുന്നവരെയെല്ലാം അക്രമിസംഘം വടികൊണ്ട് മർദ്ദിക്കുകയും ബലം പ്രയോഗിച്ച് അവിടെ നിന്നുംനീക്കുകയും ചെയ്തു., ദേശീയ അവാർഡ് ജേതാവായ നടി റോക്കിയ പ്രാചി ഉൾപ്പെടെയുള്ളവരെ ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ചു.