ധാക്ക : ബംഗ്ലാദേശിന്റെ ചരിത്രത്തിൽ ജമാഅത്തെ ഇസ്ലാമി ഒരിക്കലും വർഗീയത പുലർത്തിയിട്ടില്ലെന്നും ഹിന്ദുക്കളെ എന്നും സംരക്ഷിച്ചിട്ടുണ്ടെന്നും ജമാഅത്തെ ഇസ്ലാമി നേതാവ് സയ്യിദ് അബ്ദുല്ല മുഹമ്മദ് താഹർ . സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താഹർ.
‘ ഞങ്ങൾ ആളുകളെ പ്രചോദിപ്പിക്കുകയാണ്, അതുവഴി സമാധാനപരമായ അന്തരീക്ഷമുണ്ടാക്കുകയാണ് . എല്ലാ സമുദായങ്ങൾക്കിടയിലും സൗഹാർദ്ദം വളർത്താൻ ഞങ്ങൾ ശ്രമിക്കുന്നു. അതുവഴി ഞങ്ങൾക്ക് ഒരു പുതിയ ബംഗ്ലാദേശ് കെട്ടിപ്പടുക്കാൻ കഴിയും . ‘വിശാല ബംഗ്ലാദേശ്’ എന്നത് ജമാഅത്തെ ഇസ്‌ലാമിക്കെതിരെയുള്ള കുപ്രചരണമാണ്. ഞങ്ങൾ ഇതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല, ഞങ്ങൾ ഇതിനെക്കുറിച്ച് ചിന്തിക്കുന്നില്ല, ചിന്തിക്കാൻ കഴിയില്ല. ഇത് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനുള്ള പ്രചരണം മാത്രമാണ്.‘ താഹിർ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഒരു പ്രത്യയശാസ്ത്ര സംഘടനയാണ്, എല്ലാ അയൽ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങൾക്കും ഇന്ത്യയുമായി നല്ല ബന്ധം വേണം, ഞങ്ങൾ ഇന്ത്യക്ക് എതിരല്ല. ഞങ്ങൾ ഒരു അയൽരാജ്യത്തിനും എതിരല്ലെങ്കിലും ഇന്ത്യയിലെ ചിലർ ഞങ്ങളെ കുറിച്ച് കുപ്രചരണം നടത്തി.സത്യം നേരെ മറിച്ചാണ്, നിങ്ങൾ ബംഗ്ലാദേശിലെ ഹിന്ദു നേതാക്കളെ കാണുകയും ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ചോദിക്കുകയും വേണം. ഞാനും എന്റെ സംഘടനയുടെ തലവനും ചേർന്ന് ധാക്കയിലെ ഏറ്റവും വലിയ ക്ഷേത്രത്തിൽ വച്ച് ഒരു യോഗം നടത്തുകയും ഹിന്ദു നേതാക്കളുമായി സംസാരിക്കുകയും ചെയ്തു.
നിലവിൽ ക്ഷേത്രങ്ങളെയും ഹിന്ദുക്കളെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുക എന്നതാണ് ജമാഅത്തിന്റെ ഏറ്റവും വലിയ ധർമ്മം. രാജ്യത്തുടനീളം ഞങ്ങൾ അവരെ സംരക്ഷിക്കുന്നു. ഇത് ആദ്യമായല്ല, ബംഗ്ലാദേശിൽ ഹിന്ദു-മുസ്ലിം സംഘർഷം ഉണ്ടാകുമ്പോഴെല്ലാം ഞങ്ങൾ ഹിന്ദുക്കളെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നു., ഏത് പ്രത്യയശാസ്ത്രത്തിൽ പെട്ട വ്യക്തിയും സംരക്ഷിക്കപ്പെടണം എന്നത് ഇസ്ലാമിക തത്വമാണ്. ഹിന്ദുക്കളുടെ സുരക്ഷയ്‌ക്കായി കാവൽക്കാരെ വിന്യസിച്ചിട്ടുണ്ട് – എന്നും താഹിർ പറഞ്ഞു.















