ഹരിദ്വാറിൽ ദർശനത്തിന് എത്തുന്ന മലയാളികൾക്ക് ആശ്രയമായി അയ്യപ്പക്ഷേത്രം. 1955 ൽ സ്ഥാപിച്ച അയ്യപ്പക്ഷേത്രമാണ് ഉത്തരഖണ്ഡിലെ മണ്ണിൽ പ്രൗഢിയോടെ നിലകൊള്ളുന്നത്. ഭക്ഷണം മുതൽ താമസം വരെ ഒരുക്കിയാണ് ക്ഷേത്രം ഭക്തരെ സ്വീകരിക്കുന്നത്. കേരളത്തിനു പുറത്ത് സ്ഥാപിക്കപ്പെട്ട ആദ്യ അയ്യപ്പക്ഷേത്രമാണിത്.
സന്യാസി ശ്രേഷ്ഠനായ വിമോചാനന്ദ സ്വാമികളാണ് ഹരിദ്വാറിന്റെ ഹൃദയഭാഗത്ത് ക്ഷേത്രം നിർമിച്ചത്. ഹരിദാറിലെ അയ്യപ്പക്ഷേത്രത്തിന്റെ പിറവിക്ക് പിന്നാൽ പിതൃസ്നേഹത്തിന്റെ അംശമുണ്ട്. ഗംഗാ കനാലിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ശർമ്മാജി എന്ന് പേരുള്ള എഞ്ചിനിയർ ഹരിദ്വാറിൽ എത്തിയിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് മക്കൾക്കും
സംസാരിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ശർമ്മാജി വിമോചാനന്ദ സ്വാമികളെ കാണാൻ ഇടയായത്. ശർമ്മാജിയുടെ മനോവിഷമം കണ്ടറിഞ്ഞ സ്വാമികൾ മക്കളേയും കൂട്ടി ശബരിമലയിൽ ദർശനം നടത്താൻ ആവശ്യപ്പെട്ടു. ശബരിമല സന്നിധാനത്തിൽ വെച്ച് മൂന്ന് മക്കളൾക്കും സംസാരശേഷി ലഭിച്ചത് ചരിത്രം.
ആ ശർമ്മാജിയുടെ ശ്രമഫലമായാണ് ഹരിദ്വാറിൽ അയ്യപ്പക്ഷേത്രം ഉയർന്നത്. ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിന്റെ ശിൽപി തന്നെയാണ് ഹിദ്വാറിലെ വിഗ്രഹവും വാർത്തെടുത്തത്. നിരവധി പ്രതിസന്ധികൾ അനേകം ഉണ്ടെങ്കിലും ഇതുവരെ നിത്യപൂജയ്‌ക്ക് മുടക്കം വന്നിട്ടില്ല. ശ്രീ അയ്യപ്പാ ട്രസ്റ്റാണ് ക്ഷേത്രം പരിപാലിക്കുന്നത്. ബസ് സ്റ്റാന്റ്, റെയിൽവേസ്റ്റേഷൻ, ഗംഗാ ആരതി നൽക്കുന്ന ഇടം എന്നിവിടങ്ങിൽ നിന്ന് ഒരു കിലോമീറ്റർ താഴെ ദൂരമേ ക്ഷേത്രത്തിലേക്ക് ഉള്ളൂ.















