തിരുവനന്തപുരം: ഓണം വിപണി ഇടപെടലിന് സപ്ലൈകോയ്‌ക്ക് 225 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ്. ബജറ്റ് വകയിരുത്തലിനേക്കാൾ 120 കോടി രൂപ അധികമാണ് നൽകുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്.
വിപണി ഇടപെടൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് സപ്ലൈകോ 600 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. വിപണി ഇടപെടലിനും സാധനങ്ങൾ വാങ്ങിയ ഇനത്തിൽ കരാർ കമ്പനികൾക്ക് കുടിശിക നൽകുന്നതുമായി ബന്ധപ്പെട്ടും മാസങ്ങൾക്ക് മുമ്പുതന്നെ സപ്ലൈകോ ധനവകുപ്പിനോട് അധിക തുക ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് 225 കോടി രൂപ മാത്രം നൽകിക്കൊണ്ട് ധനവകുപ്പ് ഒഴിഞ്ഞുമാറുന്നത്.
സാധനങ്ങളുടെ വില നിയന്ത്രിക്കാനും വിപണി ഇടപെടലിനുമായിട്ട് ഏതാണ്ട് 600 കോടിയുടെ രൂപ ആവശ്യമുണ്ട്. നേരത്തെ 150 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഇത് ഭക്ഷ്യസാധനങ്ങൾ കൃത്യമായി എത്തിക്കാൻ തികഞ്ഞിരുന്നില്ല. ഉത്സവക്കാലത്ത് വിപണിയിൽ സാധനങ്ങളുടെ വില കൂടാനിടയുണ്ട്.
ഇവിടെ സർക്കാരിന്റെ ഇടപെടൽ ഉണ്ടായെങ്കിൽ മാത്രമേ വില വർദ്ധനവ് പിടിച്ചുനിർത്താൻ സാധിക്കുകയുള്ളൂ. ഓണത്തിന് മുന്നോടിയായി തന്നെ ബാക്കി തുക അനുവദിച്ചില്ലെങ്കിൽ സപ്ലൈകോയിലെ ഉത്സവകാല ആനുകൂല്യ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകും. നിലവിൽ പഞ്ചസാര ഉൾപ്പെടെയുള്ള സാധനങ്ങൾ ഓണത്തിന് മുന്നേ തന്നെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാക്കേണ്ടതുണ്ട്. നിരവധി തവണ ഈ വിഷയം ഭക്ഷ്യവകുപ്പ് ധനവകുപ്പിനെ അറിയിച്ചിട്ടുണ്ടായിരുന്നുവെന്ന് സപ്ലൈക്കോ പറയുന്നു. സംസ്ഥാനത്ത് രൂക്ഷ ധന പ്രതിസന്ധി നിലനിൽക്കുമ്പോൾ 3,700 കോടിയിൽ താഴെ മാത്രമാണ് കടമെടുക്കാൻ സാധിക്കുന്നത്.















