ധാക്ക : ബംഗാളി ചലച്ചിത്ര ലോകത്തെ ഇതിഹാസസംവിധായകൻ റിത്വിക് ഘട്ടക്കിന്റെ ബംഗ്ലാദേശിലെ രാജ്ഷാഹിയിലുള്ള തറവാട്ട് വീട് അക്രമികൾ ഇടിച്ചു നിരത്തി.
ഷെയ്ഖ് ഹസീനാ സർക്കാർ വീണതിന് ശേഷം ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെയും ക്രൈസ്തവരെയും ലക്ഷ്യമിട്ട് ബംഗ്ലാദേശ് ജമാ അത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ നടന്ന കലാപത്തിന്റെ മറവിലാണ് ഈ പൈതൃക സ്മാരകം തകർത്തത്.
സർക്കാർ വീണതിന് ഒരു ദിവസത്തിന് ശേഷമാണ് ഇത് തകർത്തതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ബംഗ്ലാദേശിലെ രാജ്ഷാഹി ജില്ലയിലായിരുന്നു റിത്വിക് ഘട്ടക്കിന്റെ തറവാട് വീട്. ഇത് നിശ്ശേഷം തകർത്തത് അതിർത്തിയുടെ ഇരുവശത്തുമുള്ള സിനിമാ പ്രേമികളെ നിരാശരാക്കിയിട്ടുണ്ട് .
ധാക്കയിൽ ജനിച്ച ഘട്ടക് തന്റെ യൗവനം ചെലവഴിച്ചത് പിതാവ് ജില്ലാ മജിസ്‌ട്രേറ്റായിരുന്ന രാജ്ഷാഹിയിലാണ്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും എണ്ണമറ്റ സിനിമാ ആരാധകരുടെ തീർത്ഥാടന കേന്ദ്രമായിരുന്നു മിയാൻപാറയിലെ അദ്ദേഹത്തിന്റെ വീട്.
രാജ്ഷാഹി ഹോമിയോപ്പതിക് മെഡിക്കൽ കോളേജിന്റെ പിന്നിലായിട്ടാണ് ഘട്ടക്കും കുടുംബവും താമസിച്ചിരുന്ന വീട്. 2017ൽ രാജ്ഷാഹിയിലെ ഋത്വിക് ഘട്ടക് ഫിലിം സൊസൈറ്റി ഈ കെട്ടിടം പൈതൃക സ്ഥലംആയി പ്രഖ്യാപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
മറ്റൊരു ജ്ഞാനപീഠ, രമൺ മഗ്‌സസെ, പത്മവിഭൂഷൺ ജേതാവുമായ എഴുത്തുകാരി മഹാശ്വേതാ ദേവിയും ഈ വീട്ടിൽ താമസിച്ചിരുന്നുവെന്ന് ബംഗ്ലാദേശ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.റിത്വിക് ഘട്ടക്കിന്റെ സഹോദരൻ മനീഷ് ഘട്ടക്കിന്റെ മകളാണ് മഹാശ്വേതാദേവി.
എന്നാൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ്ഹസീന രാജ്യം വിട്ടതിന്റെ പിറ്റേന്ന്, ആഗസ്റ്റ് 6 ന്, ഈ വീട് പൊളിക്കുകയായിരുന്നു.
ബംഗ്ലാദേശിലെ ഒരു പ്രധാന നഗരമാണ് രാജ്ഷാഹി. തലസ്ഥാനമായ ധാക്കയിൽ നിന്ന് ഏകദേശം 247 കിലോമീറ്റർ അകലെയുള്ള ഈ പട്ടണം, ഒരു പ്രധാന വാണിജ്യ, സാംസ്കാരിക, വിദ്യാഭ്യാസ കേന്ദ്രവുമാണ്.















