അവാർഡ് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നടി ഉർവശി. തനിക്ക് ലഭിച്ച അവാർഡ് സംവിധായകൻ ക്രിസ്റ്റോ ടോമിക്ക് സമർപ്പിക്കുന്നുവെന്നും ഉർവശി പറഞ്ഞു. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.
സിനിമ കണ്ട് ഒരുപാട് പേർ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഓരോരുത്തരുടെ പ്രശംസയും ഓരോ പുരസ്കാരങ്ങളാണ്. പ്രേക്ഷകർ ഓരോ സിനിമ കണ്ടും നല്ലത് പറയുമ്പോൾ ഹൃദയപൂർവം ഒരു പുരസ്കാരമായാണ് താൻ സ്വീകരിക്കുന്നത്. സർക്കാർ തലത്തിൽ അതിന്റെ ഒരു അംഗീകാരം കിട്ടിയപ്പോൾ സ്കൂളിലെ പ്രോഗ്രസ് റിപ്പോർട്ടിൽ മാർക്ക് കിട്ടുന്നത് പോലെയാണ് തോന്നുന്നത്.
ശാരീരികമായും മാനസികമായും ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ച് അഭിനയിച്ച സിനിമയാണ് ഉള്ളൊഴുക്ക്. അരക്കൊപ്പം വെള്ളത്തിൽ നിന്നാണ് സിനിമയിലുടനീളം അഭിനയിച്ചത്. വെള്ളത്തിൽ നിന്ന് കാലൊക്കെ കറുത്തുപോയിരുന്നു.
ലൊക്കേഷനിൽ എല്ലാവരും മൂകതയോടെയാണ് ഉണ്ടായിരുന്നത്. മരണവീടും മൃതദേഹവുമൊക്കെയായിരുന്നു പശ്ചാത്തലം. കഷ്ടപ്പെട്ടാണ് അഭിനയിച്ചത്. പൊട്ടിക്കരയുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു കരയാതെ കരയുന്നത്.
കഥാപാത്രത്തെ ഉൾക്കൊണ്ട് സങ്കടത്തോടെ അഭിനയിച്ച ചിത്രത്തിലൊന്നാണ് അച്ചുവിന്റെ അമ്മ. അത്തരം സിനിമകളുടെ സംവിധായകന്മാരോട് വലിയ കടപ്പാടാണുള്ളത്. തനിക്ക് വേണ്ടി കാത്തിരുന്ന് ക്രിസ്റ്റോ ഓരോ വർഷം വിളിക്കുമ്പോഴും അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് താൻ ദേഷ്യപ്പെട്ടിട്ടുണ്ട്. ഈ പുരസ്കാരം താൻ അദ്ദേഹത്തിന് സമർപ്പിക്കുകയാണെന്നും ഉർവശി പറഞ്ഞു.
ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉൾവശിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. സങ്കീർണമായ പല രംഗങ്ങളും വളരെ മനോഹരമായി പ്രേക്ഷകരിലേക്കെത്തിക്കാൻ സാധിച്ചതിന്റെ അംഗീകാരമാണ് ഉർവശിയെ തേടിയെത്തിയിരിക്കുന്നത്.















